കൊണ്ടോട്ടി: കോഴിക്കോട്ടു നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളളവരുടെ വിഐപി പട എത്തുന്നതിനു മുന്നോടിയായി കരിപ്പൂരില്‍ സുരക്ഷ ശക്തമാക്കുന്നു. 23, 24, 25 തിയതികളിലായി കോഴിക്കോട് നടക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലേക്കാണ് പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, വിവിധ സസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തുന്നത്. വിഐപി കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വിമാനത്താവളത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ സുരക്ഷ എസ്പിജി ഏറ്റെടുക്കും.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എസ്പിജി തലവന്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്നു കരിപ്പൂരില്‍ നടക്കും. പ്രധാനമന്ത്രി 24ന് വൈകുന്നേരം 4.25ന് എത്തുമെന്നാണ് വിവരം. 25ന് രാത്രി ഒമ്പതിന് തിരിച്ചുപോകുന്നതും കരിപ്പൂര്‍ വഴിയാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ 22ന് രാവിലെ 10.30നാണ് കരിപ്പൂരിലെത്തുന്നത്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റലി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവ്രാജ് സിങ്ങ് ചൗഹാന്‍, വസുന്ധര രാജെ സിന്ധ്യ, മനോഹര്‍ ലാല്‍ ഖട്ടര്‍, വിജയ് രൂപാനി, സര്‍ബാനന്ദ സോനാവാള്‍, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി എന്നിവരടക്കമുളള പ്രമുഖ നേതാക്കളും യോഗത്തിനെത്തുന്നത് കരിപ്പൂര്‍ വഴിയാണ്.