ന്യൂഡല്‍ഹി: ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിലെ മത്സരങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു. ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യമത്സരമുള്പ്പെടെ ഫണ്ടില്ലെങ്കില്‍ നടക്കില്ലെന്നാണ് ബിസിസിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ചത്തെ മത്സരം നടക്കണമെങ്കില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പണം നല്‍കേണ്ടതുണ്ടെന്നും ബിസിസിഐ കോടതിയെ അറിയിച്ചു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു വരെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ നിന്ന് ബിസിസിഐയെ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപ്പിച്ചത്.
കേസ് ഇന്ന് കോടതി പരിഗണിക്കുമെന്നാണ് സൂചന. അതിനിടെ, ഇരു ടീമുകളും രാജ്കോട്ടില്‍ നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള അവസാനവട്ട പരിശീലനത്തിലാണ്.