ബീച്ചിലെത്തുന്നവര്‍ സൂക്ഷിക്കുക..! ഓണാഘോഷം ‘കലക്കി” തെരുവുനായ്ക്കള്‍

tcr-dogകോഴിക്കോട്:  ഇതാണ് അധികാരികളുടെ ശരിക്കുമുള്ള “ഓണസമ്മാനം’. ഓണമാഘോഷിക്കാന്‍ നഗരത്തില്‍ എത്തിയവര്‍ക്ക് പേടിസ്വപ്‌നമായി തെരുവുനായ്ക്കള്‍. ഇന്നലെ  കോഴിക്കോട് ബീച്ചില്‍ ഡിടിപിസിയുടെ ഓണാഘോഷപരിപാടികള്‍ കണ്ടുമടങ്ങുകയായിരുന്ന  കുടുംബത്തെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ഭാഗ്യത്തിനാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇത് ഇവരുടെ മാത്രം അവസ്ഥയല്ല. ഉല്‍സവാഘോഷങ്ങളുടെ ബാക്കിപ്രതമായ ഭക്ഷണാവശിഷ്ടങ്ങള്‍ റോഡുകളില്‍ എറിഞ്ഞതോടെ ഇന്നലെ രാത്രി നഗരത്തിലുടനീളം തെരുവുനായ്ക്കളുടെ വിളയാട്ടമായിരുന്നു.

ഇന്നലെ  വൈകുന്നേരം നടക്കാവില്‍ ഏഴ് പേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു. ഇംഗ്ലീഷ് പള്ളിയ്ക്ക് സമീപത്തെ കുന്നനാട്ട് ഗണപതിക്ഷേത്രത്തിന്റെ പരിസരങ്ങളിലെ വീടുകളിലുള്ളവര്‍ക്കാണ് കടിയേറ്റത്. കോയിശ്ശേരി പ്രസാദിന്റെ ഭാര്യ ഉഷ (47), കോര്‍പറേഷനിലെ സ്വീപ്പര്‍ പുത്തന്‍വീട്ടില്‍ ശ്യാമള (58), നിഷാനില്‍ റഹ്മത്തുനീസ (60), റീത്ത (37), പാറപുറത്ത് നയന ജ്യോതി എന്ന മോളി (50) അനിത (49) എന്നിവര്‍രെയാണ് നായ ആക്രമിച്ചത്. വീടിന്റെ പുറത്തുനിന്ന് പാത്രം കഴുകുമ്പോഴാണ് ഉഷയ്ക്ക് കടിയേറ്റത്. ഭര്‍ത്താവ് പ്രസാദിന് അസുഖമായതിനെ തുടര്‍ന്ന് അയല്‍പക്കങ്ങളിലെ വീടുകളില്‍ ജോലി ചെയ്താണ് ഉഷ കുടുംബം പുലര്‍ത്തുന്നത്. പെട്രോള്‍ പമ്പിലെ അക്കൗണ്ടന്റാണ് മോളി. ഇവര്‍ ജോലിക്ക് പോകുമ്പാഴാണ് നായയുടെ കടിയേറ്റത്.

തുണി അലക്കുമ്പോഴാണ് റഹ്മത്തുനീസയ്ക്ക് കടിയേറ്റത്. കൈയ്ക്കും കാലിനും കടിയേറ്റ ഇവര്‍ നിലത്ത് വീഴുകയായിരുന്നു. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബീച്ച് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവര്‍ മെഡിക്കല്‍കോളേജില്‍ പോയി കുത്തിവയ്പ് നടത്തി. തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പരിസരവാസികള്‍ പറയുന്നു. ഇതു കൂടാതെ വഴിയാത്രക്കാരായ രണ്ടുപേരെയും നായ കടിച്ചിട്ടുണ്ട്.

രാമനാട്ടുകര തൊണ്ടയാട് ബൈപാസിനുസമീപം മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങഴും കൊണ്ടുവന്നിട്ടതോടെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ അതു ഭക്ഷിക്കാന്‍ എത്തിയതാണ് കാല്‍നടയാത്രക്കാരെ ഭീതിയിലാഴ്ത്തിയത്. നായ്ക്കളെ പേടിച്ച് നഗരത്തിലേക്ക് രാത്രികാലങ്ങളില്‍ വരാന്‍ തന്നെ പേടിയാണെന്നാണ് ആളുകള്‍ പറയുന്നത്.

Related posts