ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്താനിരുന്ന റാലി സുരക്ഷാകാരണങ്ങളെ തുടര്‍ന്നു റദ്ദാക്കി. ഞായറാഴ്ച രാവിലെ മുതല്‍ ബ്രസല്‍സിലുടനീളം 13 റെയ്ഡുകള്‍ നടത്തിയതായി അന്വേഷണസംഘം അറിയിച്ചു. ആക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിച്ച നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സാവെന്‍റം വിമാനത്താവളത്തിലെയും മോളെന്‍ബീക് മെട്രോ സ്റ്റേഷനിലെയും ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തേ 31 പേര്‍ മരിച്ചെന്നാണ് അറിയിച്ചിരുന്നത്. അതില്‍ 14 പേര്‍ കൊല്ലപ്പെട്ടത് വിമാനത്താവളത്തിലും 10 പേര്‍ മെട്രോ സ്റ്റേഷനിലുമാണ്. മരിച്ചവരില്‍ 13 ബെല്‍ജിയം സ്വദേശികളും 11 പേര്‍ മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആക്രമണത്തില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള 340 പേര്‍ക്ക് പരിക്കേറ്റു. 101 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 62 പേരുടെ നില അതീവഗുരുതരമാണ്. പകുതിയിലേറെപേര്‍ക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച അറസ്റ്റിലായത് ഫൈസല്‍ ഷെഫൂ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ മൂന്നാമത്തെ ചാവേറാണിതെന്നാണ് പോലീസ് കരുതുന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ മൂന്നാമത്തെ ചാവേര്‍ കറുത്തനിറത്തിലുള്ള തൊപ്പിയും ഇളം നിറത്തിലുള്ള ജാക്കറ്റും ധരിച്ചിരുന്നു. ആക്രമണത്തിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. ടാക്‌സിയിലായിരുന്നു മൂന്നു ഭീകരരും വിമാനത്താവളത്തിലത്തെിയത്. ഇവരെ വിമാനത്താവളത്തിലത്തെിച്ച ടാക്‌സി ഡ്രൈവറാണ് ഫൈസലിനെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. വിമാനത്താവളത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍നിന്നും മൂന്നാമത്തെ ചാവേറാണെന്ന നിഗമനത്തിലാണ് പോലീസ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍