ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്

alp-accidentചങ്ങനാശേരി: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മരിച്ച വെട്ടിത്തുരുത്ത് നെടിയപറമ്പില്‍ അന്‍സാരിയുടെ മകന്‍ അന്‍വര്‍ ഷാ(21)യുടെ കബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിന് പഴയപള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഇന്നലെ വൈകുന്നേരം നാലിന് മാര്‍ക്കറ്റിനടത്തുള്ള വണ്ടിപ്പേട്ട ഭാഗത്തായിരുന്നു അപകടം. വീട്ടില്‍ നിന്നും സുഹൃത്തിന്റെ ബൈക്കുമായി ടൗണിലേക്ക് വരുമ്പോഴായിരുന്നു അപകടം.

സിപിഎം വെട്ടിതുരുത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അന്‍വര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊടിയും തോരണവും എടുക്കുന്നതിനായി വെട്ടിതുരുത്തില്‍ നിന്ന് വണ്ടിപേട്ടയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അന്‍വറിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. നഗരത്തിലെ സ്വകാര്യസ്ഥാപനത്തില്‍ എസി മെക്കാനിക്കായി ജോലി നോക്കി വരികയായിരുന്നു അന്‍വര്‍.

പിതാവ് അന്‍സാരി ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റിലെ ജോലിക്കാരനാണ്.  ചങ്ങനാശേരി പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വസതിയിലെത്തിച്ചു. മാതാവ്:ഉസൈബ, സഹോദരങ്ങള്‍: അഫ്‌സല്‍, അന്‍സല്‍ന.

Related posts