കൊച്ചി: സോളാര്‍ കേസ് പ്രതി സരിത. എസ്. നായര്‍ കൂടുതല്‍ തെളിവുകള്‍ ഇന്നു സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയേക്കും. കഴിഞ്ഞ ദിവസം സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായി തെളിവുകള്‍ നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ രേഖകളുള്‍പ്പടെ കൂടുതല്‍ തെളിവുകള്‍ ഇന്നു സോളാര്‍ കമ്മിഷനില്‍ ഹാജരാക്കിയേക്കും.
ഉച്ചയോടെ സോളാര്‍ കമ്മീഷനിലെത്തി സരിത തെളിവുകള്‍ കൈമാറുമെന്നാണ് സൂചന. ഇന്നു കമ്മീഷന് നല്‍കുന്ന തെളിവുകളില്‍ വീഡിയോ ദൃശ്യങ്ങളും, ഫോണ്‍ വിളികളുടെ ഓഡിയോ ക്ലിപ്പുകളും, ചില നിര്‍ണായക ഫോട്ടോകളും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തു വിടുന്നതെന്നും കേരളത്തിന് അതു താങ്ങാന്‍ കഴിയില്ലെന്നും സരിത വെളിപ്പെടുത്തിയിരുന്നു.
വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ സരിത പുറത്തുവിടുന്ന ബോംബ് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. അതേസമയം, ബോംബ് പൊട്ടിക്കുമെന്നു മാസങ്ങളായി മാധ്യമങ്ങള്‍ക്കു മുന്നില്‍ സരിത വീമ്പു പറയുന്നതാണെന്നും ഒന്നും സംഭവിക്കുകയില്ലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ സമ്മര്‍ദതന്ത്രമോ ബ്ലാക്ക്‌മെയില്‍ തന്ത്രമോ ആയി സരിത രംഗത്തുവന്നിരിക്കുകയാണെന്നും ഇത്തരം കളികളൊന്നും ഇനി കേരളത്തില്‍ വിലപ്പോവില്ലെന്നും ഇവര്‍ പറയുന്നു.