ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ബ്രെറ്റ്‌ലി

britelee300616ക്രിക്കറ്റ് പിച്ചുകളില്‍ തീപ്പന്തുകളിലൂടെ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച ബ്രെറ്റ്‌ലി ബോളിവുഡില്‍ അരങ്ങേറുന്നു. ‘അണ്‍ ഇന്ത്യന്‍’ എന്ന സിനിമയിലൂടെയാണ് ഓസീസ് താരം പുതിയ ഇന്നിംഗ്‌സിനു തുടക്കമിടുന്നത്. അനുപം ശര്‍മയൊരുക്കുന്ന റൊമാന്റിക് കോമഡി സിനിമയില്‍ തനിഷ്താ ചാറ്റര്‍ജിയാണ് ബ്രെറ്റ്‌ലിയുടെ നായികയായി എത്തുന്നത്. ഇന്ത്യക്കാരിയും ഓസ്‌ട്രേലിയന്‍ അധ്യാപകനും തമ്മിലുള്ള അപൂര്‍വ പ്രണയത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ഗുല്‍ഷന്‍ ഗ്രോവര്‍, സുപ്രിയ പഥക് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. കൂടാതെ ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലേയും പല നടീനടന്മാരും ചിത്രത്തിലുണ്ട്.

ലിസാ ഡഫ്, നികിതാ താക്കൂര്‍, അനുപം ശര്‍മ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ ഇന്ത്യ ഫിലിം ഫണ്ടും സ്ക്രീന്‍ ഓസ്‌ട്രേലിയയും ചേര്‍ന്നാണു നിര്‍മാണ ചെലവുകള്‍ വഹിച്ചത്. ക്രിയാന്‍ മീഡിയയാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തിക്കുന്നത്.

അണ്‍ ഇന്ത്യന്‍ ഇന്ത്യന്‍ ആരാധകരെ സംതൃപ്തരാക്കുന്ന സിനിമയായിരിക്കുമെന്ന് വിതരണക്കാരായ ക്രിയാന്‍ മീഡിയയുടെ സിഇഒ രഞ്ചിത്ത് താക്കൂര്‍ ഉറപ്പു നല്‍കുന്നുമുണ്ട്. ചിത്രത്തില്‍ ബ്രെറ്റ്‌ലി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും. ഓസ്‌ട്രേലിയയില്‍ റിലീസ് ചെയ്യുന്ന തീയതി തീരുമാനിച്ചിട്ടില്ല.

Related posts