ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ഉണ്ടായ ഉഗ്രസ്‌ഫോടനങ്ങളില്‍ 23 പേര്‍ മരിച്ചു. സാവെന്റം വിമാനത്താവളത്തിലുണ്ടായ ശക്തമായ ഇരട്ട സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 35 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണ് വിമാനത്താവളത്തിനുള്ളില്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച് വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലെ സ്‌ഫോടനത്തിനു പിന്നാലെ മെല്‍ബീക്ക് മെട്രോ സ്റ്റേഷനിലും സ്‌ഫോടനമുണ്ടായി. ഇവിടെ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ മുഴുവന്‍ വ്യോമ-റെയില്‍ സര്‍വീസുകളും റദ്ദാക്കി. ബ്രസല്‍സില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ സ്‌ഫോടനത്തിനു മുന്‍പ് വെടിവയ്പ്പുണ്ടായി. സ്‌ഫോടനത്തിനു പിന്നാലെ വിമാനത്താവളത്തിനുള്ളിലെ കെട്ടിടത്തില്‍ നിന്നും കനത്തതോതില്‍ പുക ഉയര്‍ന്നു. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചെന്നും യാത്രക്കാര്‍ പരിഭ്രാന്തരായി ഓടിയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തും യൂറോപ്പിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യാത്രക്കാര്‍ ചെക്കിന്‍ ചെയ്യുന്ന സ്ഥലത്ത് പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. പാരീസ് ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ സലാഹ് അബ്‌ദെസ്‌ലാമിനെ കഴിഞ്ഞ ദിവസമാണ് ബ്രസല്‍സില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ ഐഎസ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.