ലോകാത്ഭുതങ്ങള്‍ എന്നു നാം പൊതുവേ വിശേഷിപ്പിക്കുന്നവയെല്ലാം മനുഷ്യനിര്‍മിതികളാണ്. എന്നാല്‍ പ്രകൃതി തന്റെ സ്വന്തം കൈകളാല്‍ നിര്‍മിച്ച അദ്ഭുതങ്ങളില്‍ പലതും നമുക്കിപ്പോഴും അഞ്ജാതമാണ്. ലോകത്തിന്റെ പലഭാഗങ്ങളില്‍ വിസ്മയകാഴ്ചകളൊരുക്കി പ്രകൃതിജന്യങ്ങളായ ഇത്തരം അദ്ഭുതങ്ങള്‍ മറഞ്ഞിരിക്കുന്നു.ഇത്തരം കാഴ്ചകള്‍ ഫാന്റസി നോവലുകളിലും സയന്‍സ് ഫിക്ഷന്‍ സിനിമകളിലും മാത്രമായി പലപ്പോഴും ഒതുങ്ങിപ്പോകുന്നു. തേടിയെത്തുന്ന സഞ്ചാരിയുടെ മനസിന് നവോന്മേഷം പകരുന്ന ഇത്തരം കാഴ്ചകള്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടനിലുമുണ്ട.് ആ കാഴ്ചകളിലേക്ക്.
സോമര്‍സെറ്റിലെ ഗഫ്
സോമര്‍സെറ്റിലെ ഷെഡാര്‍ ഗോര്‍ജിലുള്ള ഈ ഗുഹ പുറം ലോകത്തിന് ഏറെക്കുറേ അജ്ഞാതമാണ്.പാറയില്‍ നിന്നും ഊറിവരുന്ന ചുണ്ണാമ്പ് ഉറച്ചുണ്ടായ കല്‍പുറ്റുകളാണ് ഗുഹയുടെ മുഖ്യ ആകര്‍ഷണം.ഭൂമിയിലെ ജീവിതത്തിന്റെ സാധാരണത്വത്തില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്് ഇത് സ്വര്‍ഗം തന്നെയാണ്. ബ്രിസ്‌റ്റോളില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്്താല്‍ ഇവിടെയെത്താം. ജീവിതത്തില്‍ വ്യത്യസ്ഥ തേടുന്നവര്‍ക്ക് തികച്ചും അനുയോജ്യമായിരിക്കും ഇവിടം.
ദിനോസര്‍ എഗ് ബീച്ച്, കോണ്‍വാള്‍
കോണ്‍വാളിലെ കോര്‍ണിഷ് തീരത്തുള്ള പോര്‍ത്ത് നാവന്‍ ബീച്ച് സന്ദര്‍ശിക്കുന്നവരെ അദ്ഭുതപ്പെടുത്തുന്നത് ദിനോസറിന്റെ മുട്ടയുടെ ആകൃതിയിലുള്ള കല്ലുകളായിരിക്കും.പല വലിപ്പത്തിലുള്ള കല്ലുകള്‍ ഒരു ജുറാസിക് അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുക.ഇത്തരം കല്ലുകള്‍ എങ്ങനെ ഇവിടെ വന്നുവെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. ബീച്ച് സന്ദര്‍ശിക്കുന്നവരില്‍ ഈ കല്ലുകള്‍ ഇഷ്ടം ജനിപ്പിക്കുമെന്നു തീര്‍ച്ച. ബ്രിട്ടീഷ് ദേശീയ സമിതിയ്ക്കാണ് ഇതിന്റെ സംരക്ഷണ ചുമതല.
റെഡ്‌സാന്‍ഡ്‌സ് മൗണ്‍സെല്‍ ഫോര്‍ട്ട്‌സ്.കെന്റ്
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് തീരങ്ങളെ നാസി ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ പണികഴിപ്പിച്ചതാണ് കാഴ്ചയില്‍ അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന ഈ നിര്‍മിതികള്‍. റെഡ്‌സാന്‍ഡ്‌സ് മൗണ്‍സെല്‍ ഫോര്‍ട്ട്‌സ് എന്നറിയപ്പെടുന്ന ഈ സൈനീക ത്താവളങ്ങളില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ആയുധങ്ങളുമായി സൈനികര്‍ നിലയുറപ്പിച്ചിരുന്നു. ഹേണ്‍ ഉള്‍ക്കടലി ലൂടെ പോകു ന്നവര്‍ക്ക് ലോകയുദ്ധത്തിന്റെ അവശേഷിപ്പുകള്‍ ദര്‍ശിക്കാം.കടലില്‍ കാലുറപ്പിച്ച് നില്‍ക്കുന്ന ഈ ചുവപ്പന്‍ കോട്ടകള്‍ കാഴ്ചയില്‍ തന്നെ ഭീതിജനകമാണ്
കലാനിഷ് സ്തൂപങ്ങള്‍, ഔട്ടര്‍ ഹെബ്രിഡ്‌സ്
സ്‌കോട്ട്‌ലാന്‍ഡിലെ ഔട്ടര്‍ ഹെബ്രിഡ്‌സിലെ ലൂയിസ് ദ്വീപിലുള്ള കുത്തനെയുള്ള കല്‍സ്തൂപങ്ങള്‍ നൂറ്റാണ്ടുകളായി സന്ദര്‍ശകരെ വിസ്മയിപ്പിക്കുകയാണ്. എന്താണീ സ്തൂപങ്ങളുടെ നിര്‍മാണോദ്ദേശ്യം എന്നാലോചിച്ചു തലപുകയ്ക്കാത്തവരില്ല. ഇത് ഭൗമശാസ്ത്ര കലണ്ടറായി ഉപയോഗിച്ചിരുന്നു എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ക്രിസ്തുമതത്തിലേക്കു മാറാന്‍ കൂട്ടാക്കാത്തവരെ കെട്ടിയിട്ടതാണിവിടെയെന്നാണ് മറ്റൊരു കൂട്ടരുടെ വിശ്വാസം.
ബ്രിംഹാം റോക്ക്, യോര്‍ക്ക്‌ഷെയര്‍
ഭൂഗുരുത്വ നിയമങ്ങളെല്ലാം തെറ്റിരൂപം കൊണ്ടതാണ് ബ്രിംഹാം പാറകള്‍്. ഇവയുടെ മുകള്‍ഭാഗങ്ങള്‍ വിചിത്രമായ ആകാരഭംഗി ഉള്‍ക്കൊണ്ടതാണ്. ചിലത് പരുന്തിനെപ്പോലെയോ മറ്റു ചിലത് ഡാന്‍സ് ചെയ്യുന്ന കരടിയേപ്പോലെയോ തോന്നിപ്പിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് പാറകള്‍ ഈ രൂപം കൈവരിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.
ഫിങ്കല്‍ ഗുഹ, ദക്ഷിണ ഹെബ്രിഡ്‌സ്
ദക്ഷിണ ഹെബ്രിഡ്‌സിലെ സ്റ്റാഫാ എന്ന കൊച്ചു ദ്വീപിലാണ് ഈ ഗുഹ. മറ്റൊരു ഗ്രഹത്തിലെത്തിയ അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കുണ്ടാവുക. 18-ാം നൂറ്റാണ്ടില്‍ സ്‌കോട്ടിഷ് കവി പൊട്ടറ്റോ ജയിംസ് മക്‌ഫേഴ്‌സണിന്റെ കവിതയിലെ നായകന്റെ പേരാണ് ഗുഹയ്ക്കിട്ടിരിക്കുന്നത്. സ്‌കോട്ടിഷ് നാഷണല്‍ നേച്ചര്‍ റിസര്‍വിന്റെ ഉടമസ്ഥതയിലാണിത് ഇന്ന്. ബോട്ടിലാണ് ഇവിടേക്കുള്ള യാത്ര.
ഈഡന്‍ പ്രൊജക്ട്, കോണ്‍വാള്‍
കാഴ്ചയില്‍ ഏതോ അന്യഗ്രഹത്തിലെ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന നിര്‍മിതിയാണിത്. ട്രോപ്പിക്കല്‍ ഗാര്‍ഡനും മെഡിറ്ററേനിയന്‍ ഗാര്‍ഡനും ഉള്‍ക്കൊള്ളുന്നതാണ് ഷഡ്ഭുജാകൃതിയിലുള്ള ഈഡന്‍ പ്രൊജക്ട്. നേരിട്ടു കാണുന്നവരെ അമ്പരപ്പിക്കുമെന്നു തീര്‍ച്ച. ബ്രിട്ടനിലെ ഏറ്റവും വലിയ പൂവുള്‍പ്പെടെ വിസ്മയകരമായ കാഴ്ചകളാണ് കൂടാരത്തിനകത്ത് സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നത്.