കളമശേരി: മുഖ്യമന്ത്രി നല്‍കിയ ചായക്കൂട്ടുകൊണ്ട് നൗഫല്‍ വര്‍ണലോകത്തേക്ക് തിരിച്ചെത്തുന്നു. നിരന്തരം ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ വേട്ടയാടുന്ന അവസ്ഥയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങു വരുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി നൗഫലിന്റെ ചിത്രരചന.
മാതാപിതാക്കളുടെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണ് അടിമാലി സ്വദേശി നൗഫല്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. ഒരു ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നൗഫലിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഉപഹാരമായി നല്‍കിയതാണ് വര്‍ണപെന്‍സിലുകളും കളര്‍ ബുക്കും. നൗഫല്‍ ആദ്യം വരച്ചു തീര്‍ത്തത് സ്റ്റിക്കുമായി നില്‍ക്കുന്ന മഞ്ഞ താറാവിന്‍ കുഞ്ഞിനെയാണ്. സ്വന്തം പേരെഴുതി ചിത്രം കളര്‍ ചെയ്തത് താനാണെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു കഴിഞ്ഞു.
സര്‍ജിക്കല്‍ വാര്‍ഡില്‍ കഴിയുന്ന ഒമ്പതു വയസുകാരന്‍െറ മനസിലെ മുറിവുകള്‍ മാറി തുടങ്ങിയതറിഞ്ഞതോടെ ശുശ്രൂഷിക്കുന്ന ജീവനക്കാര്‍ക്കും സന്തോഷം പകര്‍ന്നു. നൗഫലിനുണ്ടായ മുറിവുകള്‍ ഭേദപ്പെട്ടു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നും കൂടെ നില്‍ക്കുന്നവരും നൗഫലിന് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം നൗഫലിനെ സര്‍ജിക്കല്‍ ഐ സി യു വി ല്‍ നിന്ന് മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.