ഭരണമാറ്റം അറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചാല്‍ മതിയെന്ന് കെ.സുധാകരന്‍

knr-sudhakaranകണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിനുശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന്റെ മാറ്റം അറിയണമെങ്കില്‍ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ നടന്ന കൂട്ടധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഈച്ചയെപോലും മുഖ്യമന്ത്രിയുടെ ഓഫീസിനു മുമ്പില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയേയും ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെയും കാണാം.

ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ ആയിരക്കണക്കിന് ജനസഞ്ചയം അവിടെ തടിച്ചു കൂടുമായിരുന്നു. പരാതിയും പരിഭവവുമായി എത്തുന്നവര്‍ക്ക് പ്രശ്‌നപരിഹാരത്തിന്റെ തലോടല്‍ ലഭിക്കുമായിരുന്നു. മാത്രമല്ല സിസിടിവി കാമറകള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള മലയാൡകള്‍ക്ക് കാണാമായിരുന്നു. അത്രയും സുതാര്യമായ ഒരു സംവിധാനമായിരുന്നു അവിടെ.

എന്നാല്‍ കണ്ണൂരുകാരന്‍ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയപ്പോള്‍ കാബിനറ്റ് തീരുമാനം ജനങ്ങളെ അറിയിക്കുന്നില്ല. ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ കാബനറ്റില്‍ തീരുമാനമെടുക്കുന്നത്. നിങ്ങളെടുക്കുന്ന ഓരോ തീരുമാനങ്ങളും ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. അല്ലാതെ പിണറായി വിജയന്റെയും സഹമന്ത്രിമാരുടെയും വീട്ടുകാര്‍ക്ക് അറിയാന്‍ വേണ്ടിയാണോ കാബിനറ്റ് തീരുമാനമെടുക്കുന്നത്. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നിഗൂഢതയുള്ള ഭരണമാണ് നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Related posts