ആലപ്പുഴ: സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ടും കണ്ണൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടും സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് ഒറ്റയാള്‍ ഭരണം സിപിഎം നടത്തുന്നതായും ഭരണത്തില്‍ സിപിഐയ്ക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ലെന്നുമാണ് കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നത്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. കരിങ്കൊടി വിഷയത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയതടക്കമുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്ക് യോജിച്ചതല്ല. സ്വന്തം വകുപ്പുകളില്‍ ഇടപെടലുകളുണ്ടായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ സിപിഐയുടെ മന്ത്രിമാര്‍ക്ക് കഴിയാത്തത് പരിതാപകരമാണെന്നും കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
വേണ്ടരീതിയില്‍ ഭരണത്തിലിടപെടുന്നതില് സിപിഐ മന്ത്രിമാര്‍ വീഴ്ച വരുത്തുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു. ഈ സര്‍ക്കാര്‍ എല്ഡിഎഫിന്റെതാണോ പിണറായി വിജയന്റേതാണോയെന്നതായിരുന്നു സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഒന്നില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ സംശയം. പാര്‍ട്ടി സംസ്ഥാന സെന്റര്‍ വഴി മാത്രമേ സര്‍ക്കാരുമായി ബന്ധപ്പെടാവൂവെന്ന നിര്‍ദേശം ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള പരാതിയും കൗണ്‍സിലില്‍ ഉയര്‍ന്നു. കണ്ണൂരില്‍ സര്‍ക്കാര്‍ സമാധാനത്തിന് മുന്നിട്ടിറങ്ങണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആക്രമത്തെ അക്രമം കൊണ്ട് നേരിടാമെന്നുള്ള ചിന്ത മൗഢ്യമാണ്. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
അക്രമവും അതുവഴിയുള്ള അരക്ഷിതത്വവും മുതലെടുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം തടയണമെന്നും പ്രമേയത്തിലുണ്ട്. അതേസമയം ഒന്നാം ദിവസത്തെ ചര്‍ച്ചകള്‍ക്ക മറുപടി പറഞ്ഞ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ വികാരം ഉള്‍ക്കൊള്ളുന്നതായും സമാനമായ നിലപാട് തന്നെയാണ് നേതൃത്വത്തിലുള്ളതെന്നും പറഞ്ഞു. സര്‍ക്കാര്‍ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കൂടെയുള്ളവരും കൂടെ ആക്രമിച്ച് പ്രതിഛായയ്ക്ക് മങ്ങലേല്ക്കണ്ടെന്ന് കരുതിയാണ് പരസ്യപ്രതികരണം ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ട്ി സംസ്ഥാന കൗണ്‍സില്‍ ്അംഗമായ ഇ.എസ്. ബിജിമോളുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട നടപടി ഇന്ന് നടക്കുന്ന ചര്‍ച്ചയിലുണ്ടാകും.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ബിജിമോളെ പുറത്താക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന നിര്‍വാഹക സമിതി തീരുമാനിച്ചത് ഇന്ന് കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യും. മന്ത്രി സ്ഥാനം തനിക്ക് ലഭിക്കാതിരുന്നത് ഗോഡ്ഫാദര് ഇല്ലാതിരുന്നതുമൂലമാണെന്ന പരാമര്‍ശമാണ് നടപടിക്കാധാരമായത്. സിപിഐയ്ക്ക് ലഭിച്ച ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളിലേക്ക് പാര്‍ട്ടി നോമിനികളെ നിശ്ചയിക്കുന്നത് നീളും. സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാകാത്തതാണ് നിയമനങ്ങള്‍ വൈകുന്നത്.
വിഷയത്തില്‍ കര്‍ശന നിലപാട് സിപിഐ സ്വീകരിക്കുമെന്നാണ് കൗണ്‍സിലില്‍ നേതൃത്വം അറിയിച്ചത്. പാര്‍ട്ടിക്ക് ലഭിക്കുന്ന ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ സിപിഎം പ്രതിനിധികള്‍ ഉണ്ടാകുകയും തിരിച്ച് സിപിഎമ്മിന് നല്കുന്ന കോര്‍പ്പറേഷനുകളില്‍ സിപിഐയ്ക്ക് പ്രാതിനിധ്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും സംസ്ഥാന കൗണ്‍സിലില്‍ സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്.