ഭാരതപുഴ പ്രതിവര്‍ഷം അഞ്ചുസെന്റിമീറ്റര്‍ താഴുന്നതായി കണ്ടെത്തല്‍

pkd-puzhaഒറ്റപ്പാലം: ഭാരതപുഴ പ്രതിവര്‍ഷം അഞ്ചുസെന്റിമീറ്റര്‍ വീതം താഴുന്നതായി കണ്ടെത്തല്‍. സെസ് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഭാരതപുഴയുടെ അടിത്തട്ടില്‍ മണല്‍ കുറയുന്നതിനാല്‍ കടവുകളുടെ എണ്ണം കുറയ്ക്കണമെന്നും സെസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശവും അവഗണിക്കപ്പെട്ടു.ഇത്രയും കാലം മണലൂറ്റിയിരുന്നത് നിക്ഷേപത്തിന്റെയും 55 മടങ്ങ് അധികമായിരുന്നുവെന്നും സെസിന്റെ വെളിപ്പെടുത്തലില്‍ പറയുന്നു. അനധികൃത മണലെടുപ്പ് ഭാരതപുഴയുടെ സ്വാഭാവിക ഘടനയെ ഇല്ലാതാക്കിയെന്നും പറയുന്നു.

മണല്‍ നിക്ഷേപത്തിന്റെ 55 ശതമാനത്തിലധികമുള്ള മണലൂറ്റ്് പുഴ മരിക്കുന്നതിന്റെ  വ്യക്തമായ സൂചനകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വര്‍ഷത്തില്‍ അഞ്ചുസെന്റിമീറ്റര്‍ വീതം നദീതടം താഴുന്നത് ഭാരതപുഴയുടെ സര്‍വനാശത്തെയാണ് വ്യക്തമാക്കുന്നതെന്നും സെസ് ചൂണ്ടിക്കാണിക്കുന്നു. 1970-ല്‍ പുഴ സംരക്ഷണത്തിനായി 18 നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കുകയുണ്ടായില്ല. അനധികൃത മണല്‍കടത്ത് തടയുന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക പോലീസ് സേന രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇത് കേവലം പ്രഖ്യാപനം മാത്രമായി അവശേഷിച്ചു. പുഴയുടെ തീരത്തുനിന്നു 25 മീറ്റര്‍ അകലെ വാഹനം നിര്‍ത്തിയിടണമെന്നും പുഴയിലേക്ക് വാഹനങ്ങള്‍ ഇറക്കി മണലെടുക്കരുതെന്നുമുള്ള നിയമങ്ങളൊന്നും പാലിക്കാതെയായിരുന്നു ഇക്കാലമത്രയും ഭാരതപുഴയില്‍ മണലെടുപ്പു നടത്തിവന്നിരുന്നത്. ഇരുകരകളും കൂടി നിറഞ്ഞൊഴുകിയിരുന്ന ഭാരതപുഴ ഇന്ന് ഒരു ഓര്‍മചിത്രം മാത്രമാണ്. ഈ പൊള്ളുന്ന വേനലില്‍ ഭാരതപുഴയുടെ സ്ഥിതി മുന്‍കാലങ്ങളിലേതിനേക്കാള്‍ സങ്കടകരമാണ്. പുഴയുടെ സംരക്ഷണത്തിനായി നടന്ന പഠനങ്ങളും ശിപാര്‍ശകളുും നടപ്പാകാതെ കിടക്കുന്നതുമൂലം ഭാരതപുഴയുടെ ഇന്നത്തെ സ്ഥിതി ഏറെ ദുസഹമാണ്.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെയാണ് ഭാരതപുഴ കടന്നുപോകുന്നത്. 209 കിലോമീറ്റര്‍ നീളവും 6.186 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവുമുള്ള ഈ പുഴയില്‍ 153 കടവുകളാണുള്ളത്. ജല അഥോറിറ്റിയുടെ പ്രധാന കുടിവെള്ളസ്രോതസ് കൂടിയാണ് ഭാരതപുഴ. 12നു പുറത്ത് ശുദ്ധജലപദ്ധതികള്‍ പുഴയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതായ പദ്ധതികള്‍ വേറെയും പ്രവര്‍ത്തിക്കുന്നു. ഭാരതപുഴയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തിയാണ്. അതിരൂക്ഷമായ മണലെടുപ്പുമൂലം ഭാരതപുഴ അകാലചരമം പ്രാപിക്കുന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ പുഴയുടെ സ്ഥിതി.

Related posts