ഭാര്യയേയും മകളെയും കൊലപ്പെടുത്തിയകേസ് : പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

klm-CRIMEകൊല്ലം: ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരേ ഒടുവില്‍ കൊല്ലത്തെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കൊല്ലം മതിലില്‍ എരമണ്ണൂര്‍ കരിക്കം കുമാരവിലാസത്തില്‍ രാജീവ് എന്നു വിളിക്കുന്ന അനില്‍കുമാറിനെ (45) കണ്ടെത്തുന്നതിനായാണ് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.പുനലൂര്‍ ഇളമ്പല്‍ കടശേരി രജിതാ ഭവനില്‍ രജിത (24), മകള്‍ നന്ദന (മൂന്ന്) എന്നിവരെയാണ് വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്.

2011 ഫെബ്രുവരി 11നായിരുന്നു സംഭവം നടന്നത്. അനില്‍കുമാറിനെ പ്രതിയാക്കി കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.ഇതേതുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം നടത്തുകയുണ്ടായി. അതിനുശേഷമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പക്ഷേ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അനില്‍കുമാറിനെതിരേ ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയുണ്ടായില്ല.

രജിതയെയും മകളെയും കയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. പിന്നീട് പല സൂചനകളും ലഭിച്ചെങ്കിലും പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് കഴിയുകയുണ്ടായില്ല.മുംബൈയിവും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുള്ള അനില്‍കുമാറിന് വിവിധ ഭാഷകളും രാജ്യത്തെ വിവിധ സ്ഥലങ്ങളും വ്യക്തമായി അറിയാവുന്ന ആളാണ്.

ബോഡി മസാജിംഗ്, റബര്‍ ടാപ്പിംഗ്, കൂലിപ്പണി എന്നിവ ചെയ്ത് വന്നിരുന്ന വ്യക്തയുമാണ്. സംഭവത്തിന് ശേഷം ഒരിക്കല്‍ പത്തനംതിട്ടയിലെ വടശേരിക്കോണം ഭാഗത്ത് കണ്ടതായി ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിക്കുകയുണ്ടായി.കണ്ണൂര്‍, വയനാട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ വേഷവും രൂപവും മാറി ഇയാള്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതകള്‍ ഏറെയാണ്.ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0471-2310823, 0474-2766251, 9497990194 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.

Related posts