തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജാശുപത്രിയില് ചികിത്സ നിഷേധിച്ചതിനെ തുടര്ന്ന് രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. ആന്ജിയോഗ്രാം ഉള്പ്പെടെയുള്ള ചികിത്സ ഡോക്ടര്മാര് നിഷേധിച്ചുവെന്നാണ് പരാതി.
വേണു മരിക്കുന്നതിന് മുന്പ് വാട്ട്സ് ആപ്പിലുടെ ആശുപത്രിയിലെ ഡോക്ടര്മാര് കാട്ടുന്ന അവഗണനയെക്കുറിച്ച് ശബ്ദസന്ദേശം സുഹൃത്തുക്കള്ക്ക് അയച്ചുകൊടുത്തിരുന്നു. താന് മരിക്കുകയാണെങ്കില് അതിന് ഉത്തരവാദി ആശുപത്രി ജീവനക്കാരായിരിക്കുമെന്നായിരുന്നു ശബ്ദസന്ദേശം. ഈ സന്ദേശം ഇപ്പോള് ബന്ധുക്കള് മാധ്യമങ്ങള്ക്ക് നല്കി.
ആറു ദിവസം മുന്പാണ് കൊല്ലം ജില്ലാ ആശുപത്രിയില് നിന്നു മതിയായ ചികിത്സ ലഭിക്കുന്നതിന് വേണുവിനെ മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്.
എന്നാൽ, മതിയായ ചികിത്സ നിഷേധിച്ചുവെന്നും ഗുരുതരാവസ്ഥയിലായി വെന്റിലേറ്ററില് ആക്കുന്നതിനു മുന്പ് ബന്ധുക്കളെ കാണിക്കാന് ആശുപത്രി അധികൃതര് തയാറായില്ലെന്നുമാണ് ബന്ധുക്കള് ആരോപിക്കുന്നത്.
ഉത്തരവാദികളായവര്ക്കെതിരേ കര്ശന നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഉള്പ്പെടെയുള്ളവര്ക്ക് പരാതി നല്കുമെന്ന് ബന്ധുക്കള് പറഞ്ഞു.

