പാലക്കാട്: ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം എന്നീ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ വൈകല്യങ്ങളെ അതിജീവിച്ച് വിസ്മയം ഒരുക്കുന്ന റീഡിന്റെ കളേഴ്‌സ് ഫെസ്റ്റ് 26ന് തിരിതെളിയും.ചെമ്പൈ സംഗീത കോളജിലെ എം.ഡി.രാമനാഥന്‍ ഹാളില്‍ 26ന് വൈകുന്നേരം നാലിന് പദ്മശ്രീ കലാമണ്ഡലം നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. തിയേറ്റര്‍ ആര്‍ട്‌സ് തെറാപ്പിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉണര്‍വു പകരുന്ന ഇന്ത്യയിലെ പ്രഥമ അംഗീകൃത സ്ഥാപനമാണ് കേരള സംഗീതനാടക അക്കാദമിയുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്ന റീഡ് സെന്റര്‍.
പാലക്കാട് പെരുവെമ്പ് അപ്പളത്തും മലപ്പുറത്തെ മങ്കടയിലും പ്രവര്‍ത്തിക്കുന്ന റീഡ് സെന്ററില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വിവിധ തെറാപ്പികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ആരോഗ്യ-പാഠ്യപദ്ധതിയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ലോക തിയേറ്റര്‍ ദിനത്തോടനുബന്ധിച്ച് 26, 27 തീയതികളിലാണ് കളേഴ്‌സ് ഫെസ്റ്റ്. 26ന് ചെമ്പൈ സംഗീത കോളജിലും 27ന് റീഡിന്റെ അപ്പളത്തള്ള സെന്ററിലുമാണ് സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കിയാണ് കവിതാപാരായണം, സംഗീതം, നൃത്താവിഷ്കാരം, അനുകരണം, ഏകാഭിനയം എന്നിവ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
തിയേറ്റര്‍ തെറാപ്പികളിലൂടെ യോഗ, നാടകകളികള്‍ എന്നിവ നിറപ്പകിട്ടാര്‍ന്ന നാടക സാമഗ്രികള്‍ ഉപയോഗിച്ച് പരിശീലിപ്പിക്കുക വഴി ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ സമയം ഏകാഗ്രതയും ഉണര്‍വും ശരീരഭാഷയുടെ വൈകല്യത്തെ അതിജീവിക്കുവാനുള്ള ശ്രമങ്ങളും ആത്മവിശ്വാസവും ഉച്ചാരണമികവും ശബ്ദക്രമീകരണങ്ങളും രൂപപ്പെടുത്തുവാന്‍ സഹായിക്കുന്നു.ഓട്ടിസം അവസ്ഥയിലുള്ള കുട്ടികള്‍ക്ക് വളരെയധികം മാറ്റങ്ങളുണ്ടാക്കുന്ന തിയേറ്റര്‍ തെറാപ്പി കേരളത്തില്‍ റീഡ് സെന്ററിലാണ് തുടക്കം കുറിച്ചത്. മുപ്പതില്‍പരം കുട്ടികള്‍ക്ക് റീഡില്‍ പരിചരണം നല്കിവരുന്നു. മറ്റു സ്‌പെഷല്‍ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും കളേഴ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ തെറാപ്പി, മിറര്‍ തെറാപ്പി, ബലൂണ്‍ തെറാപ്പി എന്നിവ റീഡിലെ കുട്ടികള്‍ക്കു ഉണര്‍വു പകരുന്നു.
തിയേറ്റര്‍ സംവിധാനങ്ങള്‍ക്ക് പ്രധാന്യം നല്കുന്ന റീഡ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും കളേഴ്‌സ് ഫെസ്റ്റില്‍ അംഗീകാരം നല്കി ആദരിക്കുന്നുണ്ട്.റീഡിന്റെ 20016ലെ അര്‍പ്പണം അവാര്‍ഡിന് മൂന്നുപേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇരുപതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യയുടെ പ്രിന്‍സിപ്പല്‍ സി.രാജലക്ഷ്മി, തിയേറ്റര്‍ രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയ തൃശൂര്‍ അഭിനയ തിയേറ്റേഴ്‌സിന്റെ സംവിധായകയും അഭിനേത്രിയുമായ ജിഷ അഭിനയ, രക്തദാനരംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ സജീവ പങ്കാളിത്തം വഹിക്കുന്ന പ്രേരണയുടെ ഫൗണ്ടര്‍ ശ്രീഹരി എന്നിവര്‍ക്കാണ് റീഡിന്റെ അര്‍പ്പണം അവാര്‍ഡുകള്‍.
സംഗീതത്തിലും ചിത്രകലയിലും ഭിന്നശേഷിയുള്ളവര്‍ക്ക് പ്രചോദനം നല്കിവരുന്ന രാമശേരി രാമന്‍കുട്ടി, സുരേഷ് മാധവന്‍, സന്തോഷ് നമ്പ്യാര്‍, ദിവ്യ ചന്ദ്രന്‍ എന്നിവര്‍ക്ക് റീഡിന്റെ ഗുരുവന്ദനം പുരസ്കാരം നല്കും.സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍ ആദരവു നല്കുന്ന ചടങ്ങില്‍ ഡോ. കുഴല്‍മന്ദം രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഡോ. ജെ.എസ്.സുജിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. വത്സകുമാര്‍ പൊരുന്നങ്കോട് ആമുഖപ്രഭാഷണം നടത്തും.പാലക്കാടും മലപ്പുറത്തും റീഡിന് നേതൃത്വം നല്കുന്നത് നാടക സംവിധായകനായ രവി തൈക്കാട്ടാണ്. പത്രസമ്മേളനത്തില്‍ റീഡ് രക്ഷാധികാരി ഡോ. സുജിത്ത്, പ്രസിഡന്റ് ഡോ. വത്സകുമാര്‍ പൊരുന്നങ്കോട്ട്, സെക്രട്ടറി രവി തൈക്കാട്ട്, ട്രഷറര്‍ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.