കായംകുളം: എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ ബിഡിജിഎസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളജ് ട്രസ്റ്റ് സെക്രട്ടറിയും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവിനെതിരെയാണ് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടി പരാതി നല്കിയിരിക്കുന്നത്.
വള്ളികുന്നം പോലീസാണ് കേസെടുത്തത്. കഴിഞ്ഞ 28നു കോളജിലെ രണ്ടു വിദ്യാര്‍ഥികളെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ചിലര്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. എന്നാല്‍ മര്‍ദനമേറ്റ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇതേത്തുടര്‍ന്ന് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ പേരില്‍ പെണ്‍കുട്ടികളോട് ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവും മറ്റു രണ്ടുപേരും ചേര്‍ന്ന് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി 44 പെണ്‍കുട്ടികള്‍ ഒപ്പിട്ട പരാതിയാണ് വള്ളികുന്നം പോലീസിനു നല്‍കിയത്. ഇതുകൂടാതെ കോളജ് മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രിക്കും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.