മംഗലംഡാം: മഴക്കുറവില്‍ ജലക്ഷാമം രൂക്ഷമാകുമ്പോഴും മംഗലംഡാമിലെ വെള്ളം പുഴയിലേക്കു വിട്ട് പാഴാക്കുന്നു. ഡാമിന്റെ ഇടതു-വലതുകനാലുകളിലെ മാലിന്യവും പൊന്തക്കാടും വൃത്തിയാക്കല്‍ വൈകുന്നതാണ് ഡാം നിറഞ്ഞ് അധികജലം പുഴയിലേക്കുവിട്ട് പാഴാക്കേണ്ടിവരുന്നത്. അതല്ലെങ്കില്‍ ഈ വെള്ളം കനാലുകളിലേക്കുവിട്ട് പാടങ്ങളില്‍ രണ്ടാംവിളയ്ക്കുള്ള വെള്ളം വിടാമായിരുന്നെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശമായ വനമേഖലകളില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴമൂലം വെള്ളം നിറഞ്ഞുകിടക്കുന്ന ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഷട്ടറുകള്‍ തുറക്കുകയായിരുന്നെന്ന് ഡാം അധികൃതര്‍ പറഞ്ഞു. മംഗലംഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു പുഴയിലേക്ക് പാഴാക്കി കളയുന്ന വെള്ളം.ഡാമിന്റെ ആറു ഷട്ടറുകളില്‍ ആദ്യത്തെയും അവസാനത്തെയും ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്ററിലാണ് ഉയര്‍ത്തിയിട്ടുള്ളത്. ഒക്ടോബര്‍ മാസത്തിലും വെള്ളം പുഴയിലേക്കുവിട്ട് പാഴാക്കുന്നതിനെതിരേ കര്‍ഷകപ്രതിഷേധം ശക്തമാണ്.
വെള്ളംനിറഞ്ഞ് ജൂലൈ 21ന് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനുശേഷം രണ്ടുമാസത്തിലേറെയായി ഇടയ്ക്കിടെ പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടാണ് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. രണ്ടാംവിള നെല്‍കൃഷിക്ക് വെള്ളമില്ലാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുമ്പോഴാണ് ഇവിടെ വെള്ളം പാഴാക്കി കളയുന്നതെന്നതും അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.