മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത വ്യാപാരികള്‍ ഉപരോധിക്കാനൊരുങ്ങുന്നു

PKD-ROADവടക്കഞ്ചേരി: വെള്ളക്കെട്ടില്‍ മുങ്ങുന്ന മുടപ്പല്ലൂര്‍ ടൗണിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മുടപ്പല്ലൂര്‍ സെന്ററില്‍ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത ഉപരോധിക്കും. അടുത്തദിവസം സമരപരിപാടികള്‍ തുടങ്ങുമെന്ന് ഏകോപനസമിതി പ്രസിഡന്റ് അബ്ദുള്ള, സെക്രട്ടറിപ്രകാശന്‍ എന്നിവര്‍ പറഞ്ഞു. പരാതി നല്കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികളും പാതയോരത്തെ താമസക്കാരും സമരത്തിനിറങ്ങുന്നത്.

സംസ്ഥാനപാതയ്ക്ക് ഇരുവശത്തുമുള്ള അഴുക്കുചാലുകള്‍ മണ്ണും മാലിന്യവും നിറഞ്ഞ് മഴവെള്ളം ഒഴുകിപോകാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിനുമുന്നില്‍ റോഡില്ലാത്തവിധം പാതാളക്കുഴികളാണ്. കുഴികളില്‍ ചാടി അപകടത്തില്‍പ്പെടുന്ന വാഹനയാത്രക്കാര്‍ക്കു കണക്കില്ല. കാല്‍കോടി രൂപ ചെലവഴിച്ച് രണ്ടുവര്‍ഷംമുമ്പാണ് ഒരുവശത്തെ അഴുക്കുചാല്‍ നവീകരിച്ചത്. എന്നാല്‍ ഇതിലും മണ്ണുനിറഞ്ഞ് ഉപയോഗശൂന്യമായി.

മഴപെയ്താല്‍ കടകളിലേക്കു വെള്ളംകയറി മുടപ്പല്ലൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാല്‍നടയാത്രയും സാഹസികമാണ്. രാത്രികാലത്ത് തെരുവുവിളക്കുകള്‍ കത്താത്തതും അപകടങ്ങള്‍ക്കു വേഗത കൂട്ടുന്നു. ബാങ്കിനു മുന്നിലെ വന്‍മരവും മുറിച്ചുനീക്കേണ്ടത് അത്യാവശ്യമാണ്.

Related posts