മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി

kkd-congressമഞ്ചേരി: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി വല്ലാഞ്ചിറ ഹുസൈനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറി.  ആകെയുള്ള 23 അംഗങ്ങളില്‍ 15 പേരും യോഗത്തില്‍ നിന്നിറങ്ങി പോയി. രണ്ടംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതുമില്ല.  മൂന്നു പതിറ്റാണ്ടായി മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു വല്ലാഞ്ചിറ ഷൗക്കത്തലി.  ഷൗക്കത്തലി ഡിസിസി ജില്ലാ ട്രഷററായതോടെ ബ്ലോക്ക് പ്രസിഡന്റായി നഗരസഭാ മുന്‍ വൈസ്‌ചെയര്‍മാന്‍ പി. രവീന്ദ്രന്‍ നായരെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇതു ഇഷ്ടപ്പെടാത്ത ഒരു വിഭാഗം രവീന്ദ്രന്‍ നായരെ വീട്ടില്‍ ചെന്നു കണ്ട് രാജിക്കത്ത് എഴുതിവാങ്ങുകയും തിരുവനന്തപുരത്തെത്തി നേതൃത്വത്തില്‍ സ്വാധീനം ചെലുത്തി വല്ലാഞ്ചിറ ഹുസൈനു പ്രസിഡന്റ് സ്ഥാനം തരപ്പെടുത്തുകയുമായിരുന്നു.

നാലുമാസം മാത്രം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു തുടര്‍ന്ന പി. രവീന്ദ്രന്‍ നായര്‍ രാജിക്കത്ത് നല്‍കിയതും വല്ലാഞ്ചിറ ഹുസൈനെ തെരഞ്ഞെടുത്തതും നിലവിലുള്ള ഭാരവാഹികള്‍ അറിഞ്ഞില്ലെന്നും ആരോപണമുണ്ട്.  തത്പര കക്ഷികളുടെ ഏകപക്ഷീയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ നിന്നും 15 അംഗങ്ങള്‍ ഇറങ്ങി പോകുകയായിരുന്നു.  ബ്ലാക്ക് കമ്മറ്റി ട്രഷറര്‍ എം. അബ്ദുള്‍ അസീസ് എന്ന മാനുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റുമാരായ അഡ്വ. പി.വി അഹമ്മദ് കുട്ടി, അപ്പു മേലാക്കം, പുലത്ത് ലുഖ്മാന്‍, എം.എം അബ്ദുറഹിമാന്‍ എന്ന ബാപ്പുട്ടി, ജനറല്‍ സെക്രട്ടറിമാരായ പി. അവറു, കെ.യൂസഫ്, എന്‍.ടി ഫാറുഖ് മാസ്റ്റര്‍, കെ.സത്യന്‍, കെ.മുഹമ്മദലി എന്ന നാണിപ്പ,  ബാബു കാരാശേരി, പി. ഷംസുദീന്‍, സി. ഉമ്മര്‍, പി.എന്‍ രവീന്ദ്രനാഥന്‍, രാജു ചീരക്കുഴിയില്‍ എന്നിവരാണ് ഇറങ്ങി പോയത്.

പി. രവീന്ദ്രന്‍ നായരും വി.സി. നാരായണന്‍ കുട്ടിയും യോഗത്തില്‍ പങ്കെടുത്തില്ല. നിലവിലെ പ്രസിഡന്റിന്റെ രാജിയും പുതിയ തീരുമാനം രഹസ്യമാക്കി വച്ചതും ഗൂഡാലോചനയുടെ ഭാഗമാണെന്ന് യോഗം ബഹിഷ്ക്കരിച്ചവര്‍ പറഞ്ഞു.  അനുചിതവും ഏകപക്ഷീയവുമായ നിയമനത്തിലുള്ള അതൃപ്തി നേതൃത്വത്തെ അറിയിക്കുന്നതോടൊപ്പം തീരുമാനം പുന:പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റിനെ നേരില്‍കണ്ട് ആവശ്യപ്പെടാനും ഇവര്‍ തീരുമാനിച്ചു.

Related posts