മട്ടന്നൂര്‍: മട്ടന്നൂരില്‍ റോഡരികിലെ കൂറ്റന്‍ മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. നിരവധി മരങ്ങളാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍ റോഡിലേക്ക് ചെരിഞ്ഞുനില്ക്കുന്നത്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡ്, ഉരുവച്ചാല്‍-തില്ലങ്കേരി റോഡ്, കാഞ്ഞിലേരി, പഴശിഡാം റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങള്‍ നിലംപതിക്കാമെന്ന അവസ്ഥയിലായിരിക്കുന്നത്.
റോഡിനോട് ചേര്‍ന്നുകിടക്കുന്ന മരത്തിന്റെ അടിവേരുകള്‍ പുറത്തേക്ക് തളളിയ നിലയിലും കേടുവന്നു പൊട്ടിവീഴാവുന്ന അവസ്ഥയിലുമാണ്. കൂറ്റന്‍ മരത്തിന്റെ ശിഖരങ്ങള്‍ പൂര്‍ണമായും റോഡിലേക്ക് കിടക്കുന്നതിനാല്‍ ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്കു ഭീഷണിയാണ്. കഴിഞ്ഞദിവസം മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ കുമ്മാനത്ത് റോഡരകിലെ കൂറ്റന്‍ മരം റോഡിന് കുറുകെ കടപുഴകി വീണതിനാല്‍ മണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു.
ഇതിനു പുറമെ മരത്തിന്റെ ശിഖരങ്ങള്‍ പൊട്ടിവീണ് ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. അപകടഭീഷണിയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരിസ്ഥി ദിനത്തില്‍ പോലും അപകടഭീഷണിയിലെന്ന് പറഞ്ഞ് മരം മുറിക്കുന്ന അധികൃതര്‍ നിലംപതിക്കാറായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കാത്തത് ജനങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.