സ്വന്തം ലേഖകൻ
തൃശൂർ: പ്രണബ് മുഖർജി വിടവാങ്ങിയെന്നറിഞ്ഞപ്പോൾ മട്ടന്നൂരിന്റെ ചെണ്ടക്കോലൊന്ന് പതറി… ഒരിടർച്ച.. പ്രണബ് മുഖർജിയുമായി മട്ടന്നൂർ ശങ്കരൻകുട്ടിക്കുള്ള ബന്ധം നിശബ്ദമാണ്.
2012ൽ കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും സ്വീകരിച്ച ആ നിമിഷം മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ഇന്നും മറക്കാനാവാത്ത അഭിമാന സന്തോഷ മുഹൂർത്തം.
കേരളത്തിലെ ചെണ്ട എന്ന വാദ്യത്തിനുള്ള അംഗീകാരമാണല്ലോ ആ മഹാനുഭാവനിൽ നിന്നും സ്വീകരിക്കാൻ സാധിച്ചതെന്നതിൽ വളരെ അഭിമാനം ഇപ്പോഴുമുണ്ടെന്ന്് മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു.
അന്ന് പുരസ്കാരം സ്വീകരിക്കാൻ പോയപ്പോൾ ഒന്നും സംസാരിക്കാൻ സാധിച്ചില്ലെന്നും ചിരിച്ചുകൊണ്ട് ആദരവോടെ അവാർഡ് അഭിമാനത്തോടെ ഏറ്റുവാങ്ങുക എന്നതു മാത്രമായിരുന്നു നിയോഗമെന്നും മട്ടന്നൂർ ഓർക്കുന്നു.
ഒരുപാട് കലാകാരൻമാർക്ക് അന്ന്അവാർഡ് കൊടുത്തിരുന്നു. ആരോടും സംസാരിക്കാനൊന്നും അവസരമില്ല. കൃത്യമായി കാര്യങ്ങൾ അനുസരിക്കുന്ന ഒരു കുട്ടിയുടെ റോൾ മാത്രമേയുണ്ടായിരുന്നുള്ളു.
ചിട്ട പാലിച്ച് പോയി അത് സ്വീകരിക്കുകയെന്നു മാത്രമേ നമുക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. എനിക്ക് മാത്രമല്ല എല്ലാവർക്കും. സംസാരമില്ലാത്ത അഭിനയം മാത്രമേയുള്ളു.
എന്റെ ഓർമയിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ മുഹൂർത്തവുമായി ബന്ധപ്പെട്ടാണ്. അതെന്നിൽ എന്നും നിലനിൽക്കും.. അത് വിലമതിക്കാനാവാത്ത നിധി തന്നെയാണ് മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു.