വടക്കഞ്ചേരി: മട്ടുപ്പാവിലെ മഴമറക്കു കീഴില്‍ പച്ചക്കറികളുടെ ഹരിതഭംഗി. കണക്കന്‍തുരുത്തി രാജഗിരി തിരുഹൃദയ ദേവാലയത്തിന് സമീപം കുന്നത്തേട്ട് ബോബി സേവ്യറിന്റെ വീടിനു മുകളിലാണ് വിവിധയിനം പച്ചക്കറികള്‍ സമൃദ്ധമായി വിളഞ്ഞുനില്ക്കുന്നത്. 200 ഗ്രോബാഗുകളിലായി ഒരു ഡസനോളം പച്ചക്കറികളുണ്ട്. പാവലും പയറും പടവലവും തക്കാളിയുമാണ് ഇതില്‍ കൂടുതല്‍. ചതുരപ്പയറും മഴമറയ്ക്കുള്ളില്‍ തഴച്ചുവളരുന്നു. വെണ്ട, ചീര, മുളക്, വഴുതന തുടങ്ങിയ ഇനങ്ങളുമുണ്ട്. 1500 ചതുരശ്ര അടിയിലാണ് മഴമറ തീര്‍ത്തിട്ടുള്ളത്.ഇതിന് കൃഷിഭവനില്‍ നിന്നും സബ്‌സിഡിയുണ്ട്.
മണ്ണില്‍ ചകിരിപൊടിയും ചാണകപൊടിയും ചേര്‍ത്താണ് ഗ്രോബാഗുകള്‍ തയ്യാറാക്കി തൈ നടുന്നതെന്ന് ബോബി പറഞ്ഞു. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷികള്‍. ഇതിനാല്‍ ഉണ്ടാകുന്ന പച്ചക്കറികള്‍ക്ക് വിപണി പ്രശ്‌നമല്ല. ഭാര്യ ഷെറിലാണ് പച്ചക്കറിതോട്ടത്തിന്റെ പ്രധാന നടത്തിപ്പുകാരി. നനയും വളംചേര്‍ക്കലും ഷെറിലിന്റെ ഡ്യൂട്ടിയില്‍പ്പെട്ടതാണ്. മകള്‍ എട്ടാംക്ലാസുകാരി ട്രീസയും അമ്മയ്ക്ക് സഹായത്തിനുണ്ട്.
വടക്കഞ്ചേരി ടൗണില്‍ കൃഷിവകുപ്പ് നടത്തുന്ന ഇക്കോഷോപ്പിന്റെ മേല്‍നോട്ടക്കാരനായ ബോബിയ്ക്ക് കൃഷിരീതികളും പരിപാലനവും മന:പാഠമാണ്. ഇതിന് ഭാര്യയുടെ പിന്തുണകൂടിയായപ്പോള്‍ വീടിന്റെ മട്ടുപ്പാവ് പട്ടപ്പണിഞ്ഞ് മനോഹരമായി. വിഷവിമുക്തമായ പച്ചക്കറി വീട്ടാവശ്യത്തിന് എടുക്കാമെന്നതിനു പുറമേ നാട്ടുകാര്‍ക്കും നല്ലത് നല്കാമെന്നതാണ് ഇതിന്റെ ഗുണമെന്ന് ബോബി പറയുന്നു.
മഴമറ സ്ഥിരം സംവിധാനമാക്കി മാറിമാറി പച്ചക്കറി കൃഷി ചെയ്യാനാണ് വീട്ടുകാരുടെ പദ്ധതി. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളജിന്റെ വൈസ് റെക്ടറായി കഴിഞ്ഞദിവസം നിയമിതനായ രൂപതാ വൈദീകന്‍ ഫാ. ജോബി കുന്നത്തേട്ടിന്റെ സഹോദരനാണ് ഈ യുവകര്‍ഷകന്‍. മഴമറയ്ക്കുള്ളില്‍ പച്ചക്കറി കൃഷി നടത്തുന്നതിനെക്കുറിച്ച് മനസിലാക്കാന്‍ നിരവധി കര്‍ഷകരും വിദ്യാര്‍ഥികളും ഇവിടെ എത്തുന്നുണ്ട്.