പിറവം: പുഴകളില്‍ നിന്നുമുള്ള മണല്‍ വാരല്‍ നിരോധനം ആയിരക്കണക്കിന് തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ആരംഭിച്ച മണല്‍ വാരല്‍ നിരോധനം ഇനിയും പുനരാരംഭിക്കാന്‍ സാധിക്കാത്തത് ഗ്രീന്‍ ട്രൈബുണലിന്റെ പരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിരോധന ഉത്തരവാണ്. ഇതിനെ മറികടക്കാന്‍ യാതൊരു വഴിയും കണ്ടെത്താനാവാതെ ചുറ്റുകയാണ് മണല്‍ വിപണനം നടത്തിവന്നിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലയില്‍ നാല് മുനിസിപ്പാലിറ്റികളിലും 17 പഞ്ചായത്തുകളിലുമായി 54 മണല്‍ വാരല്‍ കടവുകളാണ് നിലവിലുള്ളത്. ഇവിടെ വിവിധ യൂണിയനുകളില്‍പ്പെട്ട ആറായിരത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. മണല്‍ വിപണനം ആരംഭിക്കാത്തതുമൂലം ഇവര്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുകയാണ്.
മണല്‍ വിപണനമേഖലയിലെ പ്രതിസന്ധി കെട്ടിട നിര്‍മാണ തൊഴിലാളികളേയും, ലോറി തൊഴിലാളികളേയും ബാധിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയും ഏറെക്കുറെ സ്തംഭിച്ചുകൊണ്ടിരിക്കുകയാണ്. മണലിന് പകരം പാറപ്പൊടി ഉപയോഗിക്കാമെങ്കിലും ഇതിന്റെ വില യാതൊരു നിയന്ത്രണവുമില്ലാതെ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പുഴ മണല്‍ നിരോധനം പാറപ്പൊടിയുടെ വില രണ്ടാഴ്ച കൂടുമ്പോള്‍ വര്‍ധിക്കുന്നതിന് കാരണമായിത്തീരുന്നത്. കൂടാതെ നിലവാരമുള്ള പാറപ്പൊടിയുടെ ലഭ്യതയും കുറവാണ്. ജില്ലയില്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് തൊഴിലാളികളാണുള്ളത്.
കേന്ദ്ര ഗ്രീന്‍ ട്രൈബൂണലിന്റെ വിധി ഇവിടെ ബാധകമാക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം പരിസ്ഥിതി നിയമങ്ങള്‍ക്കനുസൃതമായാണ് മണല്‍ വാരല്‍ ജില്ലയിലെ നദികളില്‍ നടക്കുന്നത്. മണല്‍ നദികളില്‍ നിന്നും വാരുന്നതിന് കരയില്‍ നിന്നും, പാലങ്ങള്‍, ജലസേചന പദ്ധതികള്‍ എന്നിവകളില്‍ നിന്നുമെല്ലാം നിശ്ചിത ദൂരം പാലിച്ചാണ് കടവുകള്‍ അനുവദിച്ചിരിക്കുന്നത്. മണലിന്റെ ലഭ്യത മുന്‍ നിര്‍ത്തി മണ്‍സൂണ്‍ കാലത്ത് മൂന്ന് മാസത്തെ നിരോധനവും ഏര്‍പ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മണല്‍ വാരല്‍ നിലച്ചിരിക്കുകയാണ്. ഇപ്പോഴുള്ള മണ്‍സൂണ്‍ കാലാവധിക്ക് ശേഷം കടവുകള്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടുണ്ടായാല്‍ കടവുകള്‍ പൂര്‍വസ്ഥിതിയില്‍ തുറക്കാന്‍ സാധിക്കുമെന്നാണ് യൂണിയന് നേതാക്കള്‍ പറയുന്നത്. മണല്‍ വാരലിലൂടെയുള്ള വരുമാനം നിലച്ചതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. നിയമങ്ങള്‍ക്ക് അനുസൃതമായി അടിയന്തിരമായി മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നു.