മണ്ഡല കാലം: പോലീസ് സുരക്ഷ കര്‍ശനമാക്കി; സീസണ്‍കാല ഡ്യൂട്ടിക്ക് 320 പോലീസ്

knr-policeഗുരുവായൂര്‍: മണ്ഡല കാലം തുടങ്ങിയതോടെ ഗുരുവായൂരില്‍ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. സാമൂഹിക വിരുദ്ധ ശല്യം, മോഷണം, പിടിച്ചുപറി എന്നിവ തടയുന്നതിനായി ക്ഷേത്രത്തിലും പരിസരത്തും കൂടുതല്‍ പോലീസിനെ നിയോഗിക്കും. ടെമ്പിള്‍ പോലീസ് സ്‌റ്റേഷനിലെ 45പോലീസുകാരും, ക്ഷേത്ര സുരക്ഷക്കുള്ള 65 കെ.എ.പിയും ബോംബ് സ്ക്വാഡിലെ 30പേരും, എആര്‍ ക്യാമ്പിലെ 30പോലീസുകാരും സുരക്ഷ ഒരുക്കാനുണ്ടാകും.ഇതിന് പുറമെ 150 സ്‌പെഷല്‍ പോലീസ് ഓഫീര്‍മാരും സീസണ്‍കാല സുരക്ഷക്ക് ഉണ്ടാകും.

കിഴക്കേനടയിലും പടിഞ്ഞറെ നടയിലും പോലീസ് എയ്ഡ് പോസ്റ്റിന് പുറമെ ക്ഷേത്ര പരിസരം, ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍, ക്ഷേത്രത്തിലെ കുളക്കടവ് എന്നിവടങ്ങളിലും 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കും. അയ്യപ്പ തീര്‍ഥാടകരില്‍നിന്ന് അമിത പാര്‍ക്കിംങ് ഫീസ് ഇടാക്കുന്നത് തടയാനും പാര്‍ക്കിംങ് ഗ്രൗണ്ടുകളിലെ മോഷണം തടയുന്നതിനും പാര്‍ക്കിംങ് ഗ്രൗണ്ടുകളിലും പോലീസിനെ നിയമിക്കും. ബൈക്ക് പട്രോളിങ്, ജീപ്പ് പട്രോളിങ് എന്നിവയും ഉണ്ടാകും.

സിസിടിവി ക്യാമറകള്‍ കൂടുതലായി സ്ഥാപിക്കും. സീസണില്‍ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് ഇന്നര്‍ റിംഗ് റോഡില്‍ വണ്‍വെ സംവിധാനം നടപ്പിലാക്കണമെന്ന് പോലീസ് നഗരസഭയോടാവശ്യപ്പെട്ടിട്ടുണ്ട്. കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തശേഷം ഇതില്‍ തീരുമാനം ഉണ്ടാകും. എസിപി പി.എ.ശിവദാസന്‍, ടെമ്പിള്‍ സിഐ എന്‍.രാജേഷ്കുമാര്‍ എന്നിവര്‍ സുരക്ഷാ ക്രമീകണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Related posts