തളിപ്പറമ്പ് : കുരുടന്‍മാര്‍ ആനയെ കാണുന്നതു പോലെയാണ് ചിലര്‍ മതങ്ങളെ വിലയിരുത്തുന്നതെന്ന് പി.ജയരാജന്‍. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുദേവന്റെ വിളംബരത്തിന്റെ 100-ാംവര്‍ഷത്തിന്റെ ഭാഗമായി ‘നമ്മളൊന്ന്’ സാസംകാരിക ഘോഷയാത്ര ബക്കളത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണന്റെ പേരു പറഞ്ഞ് ഘോഷയാത്ര നടത്തി മതത്തിന്റെ പേരില്‍ ആളുകളെ വഴിതെറ്റിക്കുകയാണ്. അഷ്ടമിരോഹിണി ആഘോഷിക്കേണ്ടത് അമ്പലങ്ങളിലാണ് തെരുവിലല്ലെന്നും സമൂഹത്തിന് ദോഷമാകുന്ന രീതിയില്‍ ആരു ഘോഷയാത്ര നടത്തിയാലും എതിര്‍ക്കാന്‍ മടികാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കടമ്പേരിയില്‍ നിന്നും ബക്കളത്തേക്ക് നടന്ന സാസ്കാരിക ഘോഷയാത്രയില്‍ തൃച്ഛംബരം ഉത്സവത്തിന്റെ ആവിഷ്ക്കാരമായി അവതരിപ്പിച്ച തിടമ്പു നൃത്തം ശ്രദ്ധേയമായി. മൂന്ന് മതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വേഷവിധാനത്തോടു കൂടിയ പെണ്‍കുട്ടികള്‍ മുന്‍നിരയിലുണ്ടായിരുന്നു. കേരളീയവേഷമണിഞ്ഞ അമ്പതോളം സ്ത്രീകളും ബാന്‍ഡ്‌മേളങ്ങളും കേരളീയ കലാരൂപങ്ങള്‍ എന്നിവയും ഘോഷയാത്രയുടെ ഭാഗമായി.