മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസില്‍; ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മെറിന്‍ മുമ്പ് ജോലി ചെയ്തിരുന്നത് ഇവിടെ; കൊച്ചിയില്‍ സ്കൂള്‍ ഡയറക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു

merinകൊച്ചി: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ഡയറക്ടര്‍മാര്‍ക്കെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തുന്നതിന്റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയാണു മൂന്നു സ്കൂള്‍ ഡയറക്ടര്‍മാര്‍ക്കെതിരേ കേസെടുത്തതെന്നു പോലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനയും പോലീസ് നല്‍കി.

എറണാകുളംപീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കീഴില്‍ സംസ്ഥാനത്തുള്ള 12 സ്കൂളുകളുടെ പ്രവര്‍ത്തനം കുറെക്കാലമായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. സ്കൂളിന്റെ സിലബസില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വിവരം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സമുദായ സ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസിലുണ്ടെന്ന് എറണാകുളം വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. മതനിരപേക്ഷമല്ലാത്ത സിലബസാണു പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സ്കൂള്‍ സിലബസ് ദേശവിരുദ്ധമാണെന്നും വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സ്കൂള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐഎസില്‍ ചേരുന്നതിനായി നാടുവിട്ടതായി സംശയിക്കുന്ന മെറിന്‍ ജേക്കബും ഭര്‍ത്താവ് ബെസ്റ്റിനും മുമ്പ് പീസ് സ്കൂളിലെ അധ്യാപകരായിരുന്നു. ഇവര്‍ മതം മാറി ഐഎസ് പോരാളികളായി സിറിയയില്‍ ഉണ്ടെന്നാണു പോലീസ് കരുതുന്നത്. ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള ഐഎസിന്റെ കേരളാ ഘടകം മേധാവി കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദും മുമ്പ് കാസര്‍ഗോഡുള്ള ഈ സ്കൂളില്‍ ജോലി ചെയ്തിരുന്നതായി വിവരമുണ്ട്്.

മെറിന്റെ തിരോധാനം വാര്‍ത്തയായപ്പോള്‍ തന്നെ സ്കൂളിന്റെ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സ്കൂളിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റി നേരത്തെതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതില്‍നിന്നു സ്കൂളിന് വന്‍തോതില്‍ വിദേശസാമ്പത്തിക സഹായം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts