ഗുരുവായൂര്‍: മനംമയക്കും പുഷ്പങ്ങളുടെ ശേഖരവും അപൂര്‍വ്വയിനം അലങ്കാര മത്സ്യങ്ങളുടെ വശ്യതയും ഒരുക്കി ഗുരുവായൂര്‍ പുഷ്പമേള മതിവരാകാഴ്ചയാവുന്നു. ആകര്‍ഷകമായി നിര്‍മ്മിച്ച കവാടം കടന്നെത്തുന്നതോടെ വര്‍ണവസന്തം തീര്‍ക്കുന്ന വിവിധയിനം പുഷ്പ-ഫല സസ്യങ്ങളുടെ അപൂര്‍വ്വശേഖരമാണ്. കാശ്മീരിയന്‍ പൂക്കളും, ബോണ്‍സായ് ചെടികളുമാണ് താരങ്ങള്‍. ആന്റണി ചിറ്റാട്ടുകരയുടെ ശേഖരത്തിലുള്ള നൂറോളം ബോണ്‍സായ് ചെടികളാണ് മേളയിലുള്ളത്. ഇതിന് പുറമെ പൂനെയിലെ മിനിയേച്ചര്‍ റോസ്, മേരി ഗോള്‍ഡ്, സപ്തറാണി തുടങ്ങിയ പൂക്കളും നാടന്‍ പൂക്കളുമുണ്ട്.
അലങ്കാര മത്സ്യ ശേഖരങ്ങള്‍, മറുനാടന്‍ കോഴികള്‍ എന്നിവയും മനോഹര കാഴ്ച്ചകളാണ്. ഇവിടെ ഒരുക്കിയിട്ടുള്ള സ്റ്റാളുകളില്‍ ലഘുഭക്ഷണ ശാലകള്‍, നാടന്‍ ഉത്പന്നങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഉണ്ട്. മേളയിലെത്തുന്നവര്‍ക്ക് വൈകിട്ട് 6.30മുതല്‍ വിവിധ കലാപരിപാടികളും ആസ്വദിക്കാം. ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തിലാണ് പുഷ്‌പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഉത്സവ ആറാട്ട് ദിവസമായ 29ന് പുഷ്‌പോത്സവത്തിന് സമാപനമാവും.