നായ്ക്കള്‍ മനുഷ്യന്റെ ഉറ്റസുഹൃത്തുക്കള്‍ തന്നെയെന്നു തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. യജമാനനെ തേടി ഒന്നും രണ്ടുമല്ല 240 മൈലാണ് പെറോ എന്ന വളര്‍ത്തുനായ നടന്നെത്തിയത്. ഇംഗ്ലണ്ടിലെ കംബ്രിയയിലെ ഒരു കൃഷിക്കാരന്റെ ആടുകളെ മേയ്ക്കാന്‍ ഒരു നായയെ വേണമെന്നു കേട്ടപ്പോഴാണു ഉടമസ്ഥര്‍ പെറോയെ അങ്ങോട്ടു വിടാന്‍ തീരുമാനിച്ചത്.
ഈ പറിച്ചുനടല്‍ ഇവന്റെ മനസിനെ എത്രത്തോളം വേദനിപ്പിച്ചുവെന്നു ആരും തിരിച്ചറിഞ്ഞില്ല. പുതിയ സ്ഥലം അവനു പിടിച്ചതുമില്ല. 12 ദിവസങ്ങള്‍ക്കുശേഷം ഒരു ദിവസം രാവിലെ ഉടമസ്ഥനായ ജയിംസ് രാവിലെ വാതില്‍ തുറന്നപ്പോള്‍ പൂമുഖത്ത് കാത്തുനില്‍ക്കുന്ന പെറോയെയാണു കണ്ടത്. പുതിയ യജമാനന്‍ ചെമ്മരിയാടുകള്‍ക്കു കൂട്ടുപോകാന്‍ ഇവനെ പറഞ്ഞയച്ചപ്പോള്‍ മുങ്ങിയതാണെന്നാണു ജയിംസ് കരുതുന്നത്.
എന്നാല്‍, ഇത്ര ദൂരം താണ്ടി ഇവന്‍ എങ്ങനെ വീട്ടിലെത്തി എന്നതു ഒരു ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നു. നടന്നുവന്നതിന്റെ യാതൊരു തളര്‍ച്ചയോ ക്ഷീണമോ അവനില്ലെന്നും ജയിംസും ഭാര്യയും പറയുന്നു. ഇത്രയും ദൂരം നടന്നുവരിക സാധാരണഗതിയില്‍ അസാധ്യമാണ് എന്നതും മറ്റൊരു കാര്യം. എന്തായാലും മനസുണെ്ടങ്കില്‍ മാര്‍ഗവുമുണ്ട് എന്ന പാഠം മനുഷ്യരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാവാം പെറോ എന്ന നായ.