മയക്കുമരുന്നു കടത്താന്‍ വിദ്യാര്‍ഥിനികളും! മയക്കുമരുന്നു കടത്തുന്നത് കാമുകന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി; കരിയര്‍മാരായി മാറുന്നത് അറിഞ്ഞും അറിയാതെയും

studentsആലുവ: ലഹരികടത്ത് വ്യാപകമായ സാഹചര്യത്തില്‍ എക്‌സൈസ്-പോലീസ് നിരീക്ഷണം കര്‍ശനമാക്കിയതോടെ കരിയര്‍മാരായി വിദ്യാര്‍ഥിനികള്‍. ബാംഗളൂര്‍, മൈസൂര്‍, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനികളെയാണ് ലഹരി മാഫിയ തന്ത്രത്തില്‍ ഉപയോഗിക്കുന്നത്. മയക്കുമരുന്ന് വില്പനയും ഉപയോഗവും പതിവാക്കിയ ചില യുവാക്കള്‍ തങ്ങളുടെ കാമുകിമാരെയാണ് കരിയര്‍മാരായി ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ അറസ്റ്റിലായ മയക്കുമരുന്ന് – ക്വട്ടേഷന്‍ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.

കോളജ് വിദ്യാര്‍ഥികള്‍ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് വില്പന നടത്തി വന്ന ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡാണ് ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജിന് സമീപത്തു നിന്നും പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശി ഫസല്‍ (23), കണ്ണൂര്‍ സ്വദേശി അമല്‍ (20) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിയും പോലീസ് എക്‌സൈസ് നിരീക്ഷണവുമുള്ള പെരുമ്പാവൂര്‍ സ്വദേശി ഏണസ്റ്റ് തന്ത്രത്തില്‍ രക്ഷപ്പെട്ടു.

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും മൂന്നു കിലോ കഞ്ചാവ്, ലഹരി ആംപ്യൂളുകള്‍, ഗുളികകള്‍, വടിവാളുകള്‍, കഠാര, വാഹനങ്ങളുടെ ടയറുകളില്‍ വയ്ക്കാനുള്ള അള്ളുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ സ്ക്വാഡ് സിഐ പി.എല്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വീട്ടില്‍ റെയ്ഡിനെത്തുമ്പോള്‍ അവിടെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.

കണ്ണൂര്‍ സ്വദേശിനിയായ ഈ വിദ്യാര്‍ഥിനി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അമലിന്റെ കാമുകിയാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് വില്പനക്കാരായ ക്വട്ടേഷന്‍ സംഘം താമസിക്കുന്ന വീട്ടില്‍ ഈ പെണ്‍കുട്ടി പല ദിവസങ്ങളിലും രാത്രിയില്‍ തങ്ങിയിരുന്നതായും വിവരം ലഭിച്ചു. കാമുകനെ കാണുക എന്നതു മാത്രമായിരുന്നു ലക്ഷ്യമെന്നും മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് മൊഴി നല്‍കിയത്. ഇവരെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും സംശയമില്ലാതെ മയക്കുമരുന്നു കടത്താന്‍ വിദ്യാര്‍ഥിനികളെ ഉപയോഗിക്കുന്നതായുള്ള സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നു. കാമുകന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അറിഞ്ഞും അറിയാതെയും ഇവര്‍ കരിയര്‍മാരായി മാറുകയാണ് പതിവ്. മയക്കുമരുന്നാണെന്ന് വെളിപ്പെടുത്താതെയും വിദ്യാര്‍ഥിനികള്‍ വഴി കേരളത്തിലേയ്ക്ക് കടത്തുന്നുണ്ട്. പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ പെണ്‍കുട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ റിമാന്‍ഡില്‍ കഴിയുന്ന കാമുകന്‍ അമലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്.

അതേസമയം, പെരുമ്പാവൂരില്‍ മയക്കുമരുന്നു പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി പെരുമ്പാവൂര്‍ കാവുംപുറം സ്വദേശി ഏണസ്റ്റിനെതിരെ ഗുണ്ടാനിയമം ചുമത്താന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. എറണാകുളം സ്വദേശിയായ ഇയാള്‍ ഷാഡോ പോലീസും എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡും തന്നെ നിരീക്ഷിക്കുന്നത് മനസിലാക്കി കൊച്ചിയില്‍ നിന്നും പ്രവര്‍ത്തനം പെരുമ്പാവൂരിലേയ്ക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക്  സൗജന്യമായി മയക്കുമരുന്നുകള്‍ നല്‍കി ലഹരിക്കടിമയാക്കിയ ശേഷം തന്റെ റാക്കറ്റിന്റെ ഭാഗമാക്കുകയാണ് പതിവ്. സംഘത്തിലുള്ള വല്ലം സ്വദേശി മത്തായിയെന്നയാളെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

Related posts