കൊച്ചി: പിടിക്കുന്ന കഞ്ചാവിന്റെ അളവു നോക്കി നിഷ്പ്രയാസം ജാമ്യം കിട്ടുന്ന സാഹചര്യം ഒഴിവാക്കി കടുത്ത ശിക്ഷ ലഭിക്കാവുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം ആവശ്യമാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. മയക്കുമരുന്നിനെതിരെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ജനകീയ ജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി മുമ്പില്‍ നില്ക്കുന്നവര് വന്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടി ലഹരിമരുന്ന് ഇടപാടില്‍ പങ്കെടുക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണചുമതലയാണ് നല്‍കേണ്ടതെന്നും യാതൊരുവിധ ഇടപെടലും പൊതുപ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ കെ. ബാബു ചൊല്ലിക്കൊടുത്തു. മനഃശാസ്ത്ര വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജനകീയ പങ്കാളിത്തത്തോടെ ലഹരിയെ തുടച്ചുമാറ്റാന്‍ സാധിക്കുമെന്ന് ഡോ. സി.ജെ. ജോണ്‍ പറഞ്ഞു. റിസ്റ്റി എന്ന പത്തുവയസുകാരനെ കൊലപ്പെടുത്തിയ വ്യക്തി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പ്രദേശവാസികള്‍ക്ക് അറിയാമായിരുന്നെങ്കില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവേണ്ടിയിരുന്നവെന്ന് അദ്ദേഹം പറഞ്ഞു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, ഹൈബി ഈഡന് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്, അഡ്വ. ഡി.ബി. ബിനു, എറണാകുളം നിയോജക മണ്ഡലത്തിലെ ബിജെപി. സ്ഥാനാര്‍ഥി എന്‍. കെ. മോഹന്‍ദാസ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, കേണല്‍ വി.എസ്.എം. മക്കാര്‍, എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്സ്പകടര് ഏലിയാസ്, ആഷ അഷറഫ്, സി.ഡി. അനില്‍ കുമാര്‍, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.