കോടാലി: ജലക്ഷാമവും മോട്ടോര്‍ തകരാറും മൂലം മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതുമൂലം പഞ്ചായത്തിലെ കിഴക്കന്‍മേഖലയിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി. കിഴക്കേ കോടാലിയിലുള്ള പമ്പിംഗ് സ്റ്റേഷനിലെ 30 എച്ച് പിയുടെ മോട്ടോര്‍ കഴിഞ്ഞ ദിവസം തകരാറിലായി. ഇതു ശരിയാക്കാന്‍ മോട്ടോര്‍ അഴിച്ചുകൊണ്ടുപോയതോടെ പമ്പിംഗ് നടത്താന്‍ സാധിക്കാതായി. പകരം 15 എച്ച്പിയുടെ മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പിംഗ് നടത്തുന്നത്. വേനല്‍ രൂക്ഷമായതിനെ തുടര്‍ന്നു കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങിയതിനാല്‍ വാട്ടര്‍ അഥോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകളെയാണ് ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ ആശ്രയിക്കുന്നത്. മോട്ടോര്‍ ശരിയാക്കി തിരിച്ചെത്തിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.
അതിനിടെ പമ്പിംഗ് സ്റ്റേഷനിലെ കിണറില്‍ ജലവിതാനം താഴ്ന്നതും പദ്ധതിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പമ്പിംഗ് സ്റ്റേഷനു സമീപമുള്ള പാടശേഖരത്തില്‍ നെല്‍കൃഷി കൊയ്ത്തിനു പാകമായതോടെ കണ്ടങ്ങളില്‍ വെള്ളം നില്‍ക്കാതിരിക്കാന്‍ തൊട്ടടുത്തുള്ള വെള്ളിക്കുളം വലിയതോട്ടിലെ തടയണയില്‍ ജലനിരപ്പു താഴ്ത്തിയതാണ് പമ്പ് ഹൗസിലെ കിണറില്‍ ജലവിതാനം താഴാന്‍ കാരണം. വേനല്‍ക്കാലത്ത് കൊയ്ത്ത് സമയമായാല്‍ ഇവിടെ പമ്പിംഗ് പ്രതിസന്ധി ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ കൊയ്ത്തു തീരാന്‍ താമസിച്ചപ്പോള്‍ രണ്ടു ദിവസം പമ്പിംഗ് തടസപ്പെട്ടിരുന്നു. ഇപ്പോള്‍ തകരാറിലായ 30 എച്ച്പിയുടെ മോട്ടോര്‍ ശരിയാക്കിവച്ചാലും കൊയ്ത്തു തീരാതെ സുഗമമായ പമ്പിംഗ് നടത്താനാവില്ല.
പമ്പ് ഹൗസിനോടു ചേര്‍ന്നുള്ള കൈത്തോട്ടിലേക്കു വെള്ളമെത്താത്തതും വലിയതോട്ടിലെ തടയണയില്‍ വെള്ളം കുറഞ്ഞതും കിഴക്കേ കോടാലി, തേമാലി പ്രദേശങ്ങളില്‍ കിണറുകള്‍ വറ്റാന്‍ കാരണമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു. എല്ലാ വര്‍ഷവും പുഞ്ചക്കൊയ്ത്തു സമയത്ത് അനുഭവിക്കുന്ന പമ്പിംഗ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാത്തതില്‍ ജനങ്ങള്‍ ക്ഷുഭിതരാണ്. വലിയതോട്ടിലെ തടയണയില്‍നിന്ന് 200 മീറ്റര്‍ നീളത്തില്‍ ഫില്‍ട്ടര്‍ ബഡ്ഡിലേക്കു പൈപ്പുകള്‍ സ്ഥാപിച്ചാല്‍ പമ്പ് ഹൗസിലെ കിണറില്‍ ജലവിതാനം ഉയര്‍ത്താനാകും.
പമ്പ് ഹൗസിന് ഏതാനും മീറ്റര്‍ അകലെയുള്ള പാലത്തിനു സമീപത്തായി മൂന്നുമീറ്റര്‍ ഉയരത്തില്‍ തടയണ നിര്‍മിച്ചാലും ഇതു സാധ്യമാവും. അതല്ലെങ്കില്‍ നിലവിലുള്ള തടയണയില്‍നിന്ന് പമ്പ് ഹൗസിനു സമീപത്തുകൂടി തേമാലി പ്രദേശത്തേക്കു പോകുന്ന കൈത്തോടിന്റെ അടിത്തട്ടും വശങ്ങളും കോണ്‍ക്രീറ്റ് ചെയ്താല്‍ ഇതിലൂടെ ഒഴുകുന്ന വെള്ളം വേനല്‍ക്കാലത്ത് വിളഞ്ഞുകിടക്കുന്ന നെല്‍ക്കണ്ടങ്ങളിലേക്കു ചോര്‍ന്നൊഴുകുന്നത് തടയാനും സാധിക്കും. തോടിന്റെ പാടത്തുകൂടി കടന്നുപോകുന്ന ഭാഗം മാത്രം ഇങ്ങനെ കോണ്‍ക്രീറ്റ് ചെയ്യുന്നതിലൂടെ കര്‍ഷകര്‍ക്കു കൊയ്ത്ത് കാലത്ത് വെള്ളത്തിന്റെ ശല്യം ഒഴിവാക്കാനും പമ്പുഹൗസിലെ കിണറില്‍ വെള്ളം യഥേഷ്ടം ലഭ്യമാക്കാനും കഴിയും. വര്‍ഷങ്ങളായി ഈ പരിഹാരമാര്‍ഗങ്ങള്‍ ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ജനപ്രതിനിധികളടക്കം ആരും തന്നെ ഇതിനു മുന്‍കൈ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.