കാലടി: മലയാറ്റൂര്‍- കാലടി -അതിരപ്പള്ളി വിനോദസഞ്ചാരമേഖലകളുടെ അനന്തസാധ്യതകളെ ഉള്‍ക്കൊണ്ട് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനം കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനു നല്‍കികൊണ്ട് മന്ത്രി എ.പി.അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. അഡ്വ.ജോസ് തെറ്റയില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലയാറ്റൂര്‍ സെന്റ് തോമസ് പളളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി, ജില്ലാ പഞ്ചായത്തംഗങ്ങളായ സാംസണ്‍ ചാക്കോ, ശാരദാ മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍ുകളുടെ ധനസഹയവും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയും സ്വകാര്യ പങ്കാളിത്തത്തോടും കൂടിയുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വിനോദസഞ്ചാര സാധ്യതകളുള്ള സര്‍ക്യൂട്ടുകള്‍ കണ്ടെത്തി അവയുടെ പശ്ചാത്തല സൗകര്യവികസനമാണ് മാസ്റ്റര്‍പ്ലാനിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. പ്രധാന കേന്ദ്രങ്ങളായ കാലടി, മലയാറ്റൂര്‍, അതിരപ്പള്ളി, മണപ്പാട്ട് ചിറ, മുതലക്കടവ്, ഇല്ലിത്തോട് മഹാഗണിത്തോട്ടം, ഏഴാറ്റുമുഖം, വെറ്റിലപ്പാറഎസ്റ്റേറ്റ്, കാലടി പ്ലാന്റേഷന്‍, മാണിക്യമംഗലം കാര്‍ത്ത്യായനി ടെമ്പിള്‍, സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് മഞ്ഞപ്ര, ഹോളി ക്രോസ് ചര്‍ച്ച് മഞ്ഞപ്ര, താണിഇല്ലം, തൂറ്റവയല്‍ ടെമ്പിള്‍, കോടനാട് ആനകൊട്ടില്‍, മാഞ്ഞാലിത്തോട്, നായത്തോട്ചിറ, നായത്തോട് ടെമ്പിള്‍, ശിവനാരായണ ടെമ്പിള്‍, കൊച്ചിഅന്താരാഷ്ട്ര വിമാനത്തവളം, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല എന്നിവയാണ് ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്.
ഓരോ കേന്ദ്രത്തിന്റെയും വിനോദ സഞ്ചാര സാധ്യതകള്‍ നിലനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലടി, മലയാറ്റൂര്‍ – നീലീശ്വരം, അതിരപ്പള്ളി, ഒക്കല്‍, വേങ്ങൂര്‍ എന്നീ പഞ്ചായത്തുകളാണ് ഈ പദ്ധതി മേഖലയില്‍ പ്രധാനമായും വരുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും സംരംഭകരുടെയും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ഈ പദ്ധതിയുടെ ഭാഗമായി വന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടുത്ത തലത്തില്‍ വിശദ ഡാറ്റാ അനാലിസിസിലൂടെ ജിഐഎസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റത്തിന്റെ സഹായത്തിലൂടെ മാപ്പ് ചെയ്ത് പ്രധാന ഡേറ്റാ ബേസാക്കി മാറ്റുന്നു.
അതിനുശേഷം ഓരോ തിരഞ്ഞെടുക്കപ്പെട്ട ഡെസ്റ്റിനേഷനെയും സൂക്ഷ്മമായി പഠിച്ച് ഇവയുടെ സാധ്യതകളും പ്രശ്‌നങ്ങളും അറിയാനും ഇവ പിന്നീട് വികസന നിര്‍ദ്ദേശങ്ങളായും പദ്ധതികളായും സമന്വയിപ്പിക്കും. പദ്ധതികളായി ക്രോഡീകരിക്കുമ്പോള്‍ അവയുടെ ഓരോ പ്രോജക്ടിറ്റും പ്രത്യേകം ആര്‍ക്കിടെക്ച്വറല്‍ ഡിസൈനുകളും എസ്റ്റിമേറ്റുകളും ഉണ്ടാകും.കേരള വിനോദ സഞ്ചാര വകുപ്പ് മുന്‍കൈ എടുത്താണ് ഈ പദ്ധതി രൂപീകരിക്കുന്നത്. വിശദ പഠന റിപ്പോര്‍ട്ടുകളായും പ്ലാനുകളും എസ്റ്റിമേറ്റുകളുമായി രൂപീകരിക്കുന്ന ഈ റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.