കണ്ണൂര്‍: മലയോര ഹൈവേ പദ്ധതി അടിയന്തിരമായി നിര്‍ത്തിവക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ പണി നിര്ത്തിവച്ചില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് പറയുന്നതു മലയോരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്ന് കെ.സി. ജോസഫ് എംഎല്‍എ. പണി തുടര്‍ന്നും നടത്തുമെന്നു പറയുന്നവര്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പിന്വലിക്കുന്നില്ലായെന്നു വ്യക്തമാക്കണം. പെട്രോള്‍, ഡീസല്‍ സെസില്‍നിന്നു 50 പൈസാവീതം മാറ്റിവച്ചു 15 കൊല്ലത്തെ ആനുവിറ്റി സ്കീം ഉണ്ടാക്കിയാണ് മലയോര ഹൈവേ ഉള്‍പ്പെടെ പത്തു പദ്ധതികള്‍ പത്തുജില്ലകളില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇടതുമുന്നണി സര്‍ക്കാറിന്റെ പെട്രോള്‍, ഡീസല്‍ സെസ് ആനുവിറ്റി സ്കീമില്‍നിന്നു വകമാറ്റി പ്രത്യേക വികസന പദ്ധതിയില്‍ ഉള്പ്പെടുത്തിയതിനാലാണു ഫണ്ടില്ലാത്ത അവസ്ഥയുണ്ടാകാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാറല്ല തങ്ങളാണ് മലയോര ഹൈവേ നടപ്പിലാക്കുന്നതെന്നു വരുത്തിതീര്‍ക്കാന്‍ വെടക്കാക്കി തനിക്കാക്കാനുള്ള തന്ത്രമാണ് ഇടതുമുന്നണി പ്രയോഗിക്കുന്നത്. പണം ലഭിക്കില്ലയെന്നറിയാമെങ്കില് 205 കോടി രൂപയുടെ ഒരു വലിയ പ്രവൃത്തി ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിപോലെ ഒരു സ്ഥാപനം തയാറാകുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ചുരുങ്ങിയ സമയംകൊണ്ട് 20 ശതമാനത്തോളം പണി പൂര്ത്തിയാകുന്നുവെന്നതു യുദ്ധകാലാടിസ്ഥാനത്തില്‍ പണി നടക്കുന്നുവെന്നതിന്റെ സൂചനയാണ്. പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് പണിനിര്ത്തിവച്ച ഉത്തരവ് പിന്‍വലിക്കാത്തത്. മുഖ്യമന്ത്രി നിര്‍ദേശം നല്കിയാല് ഉത്തരവ് പിന്‍വലിക്കില്ലേ. സിപിഎം ജില്ലാ സെക്രട്ടറി ഈ ചോദ്യത്തിന് ഉത്തരം നല്‍കണം. ഉത്തരവ് പിന്‍വലിക്കുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് ബഹുജന കണ്‍വന്‍ഷന്റെ തീരുമാനം.
29ന് മലയോര ഹര്‍ത്താലും സെപ്റ്റംബര്‍ ഒന്‍പതിന് മനുഷ്യചങ്ങളയുമടക്കം സമരവുമായി മുന്നോട്ട് പോകും. സിപിഎം നേതൃത്വം എന്തുപറഞ്ഞാലും മലയോരത്തിന്റെ വികസനം ആഗ്രഹിക്കുന്ന സാധാരണ ഇടതുമുന്നണി പ്രവര്‍ത്തകരുടെയും പിന്തുണ സമരത്തിന് ലഭിക്കുമെന്ന് കെ.സി. ജോസഫ് പറഞ്ഞു.