മഴക്കാലരോഗങ്ങള്‍ പടരുന്നു; പനിയും വയറിളക്കവും വ്യാപകം

ALP-paniഒറ്റപ്പാലം: മഴക്കാലരോഗങ്ങള്‍ പടര്‍ന്നതോടെ പനിയും വയറിളക്കവും വ്യാപകമായി. സ്വയം ചികിത്സിക്കരുതെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ജില്ലകളിലെ ആശുപത്രികളില്‍ എത്തുന്നത്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ മഴക്കാലരോഗങ്ങള്‍ക്കെതിരേ റാലിയും ബോധവത്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും ശ്രമം തുടങ്ങി. പകര്‍ച്ചവ്യാധി രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്കി.ഇതുകൊണ്ടുതന്നെ വ്യക്തി, പരിസരശുചിത്വം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ടൈഫോയ്ഡ്, വയറിളക്കം, ഛര്‍ദി, വയറുകടി, അതിസാരം തുടങ്ങിയ രോഗങ്ങളാണ് വ്യാപകമായി കാണുന്നത്.

ആഹാര ശുചിത്വം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വെള്ളം മലിനമാക്കുന്ന കുടിവെള്ളസ്രോതസുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ക്ലോറിനേറ്റ് ചെയ്യണം.  ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്.കൂടുതല്‍ മലിനമായ ജലസ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യണം. മഴക്കാലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാനായി ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും പരിശോധിക്കും. വൃത്തിഹീനമായ അവസ്ഥയാണെങ്കില്‍ നടപടി ഉറപ്പാണ്.അഞ്ചുവയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ സ്ഥിരമായി കണ്ടുവരുന്ന വയറിളക്ക രോഗങ്ങള്‍ പാനീയ ചികിത്സയിലൂടെ ഫലപ്രദമായി തടയാം. നിര്‍ജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ ധാരാളം കുടിക്കാന്‍ നല്കണം.

ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍, ആംഗന്‍വാടികള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നും സൗജന്യമായി ലഭിക്കുന്ന ഒആര്‍എസ് പായ്ക്കറ്റുകള്‍ വാങ്ങി അവരുടെ നിര്‍ദേശപ്രകാരം പാനീയ ചികിത്സ നടത്തണം. പെട്ടെന്നുള്ള വയറുവേദനയില്ലാത്ത വയറിളക്കം കോളറയുടെ ലക്ഷണമാണ്. ഇത്തരം രോഗം ബാധിച്ചവര്‍ ഉടനേ ചികിത്സ തേടണം. തുടര്‍ച്ചയായി ഇടയ്ക്കിടെയുള്ള ശക്തമായ പനി, വിറയല്‍, തലകറക്കം, തലവേദന, ശരീരവേദന, നാഡിമിടിപ്പു കുറയല്‍, വയറിളക്കം, ഛര്‍ദി, മലബന്ധം എന്നിവ ടൈഫോയ്ഡിന്റെ ലക്ഷണമാണ്. രോഗലക്ഷണങ്ങള്‍ കണ്ട ഉടനേ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടണം. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, മൂത്രത്തിനു നിറവ്യത്യാസം, മലത്തിന് നിറവ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്.

മൂന്നുദിവസത്തിനകം കണ്ണുകള്‍ക്കും നഖത്തിനും ശരീരഭാഗങ്ങള്‍ക്കും മഞ്ഞനിറം കണ്ടുതുടങ്ങും. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യപരിശോധന നടത്തണം. കുടിവെള്ളം വഴിയാണ് കോളറ പിടിപെടാനുള്ള സാധ്യതയെന്നും ഇതുകൊണ്ടുതന്നെ തിളപ്പിച്ചാറ്റിയ വെളളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവുവെന്നുമാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. ആഹാരസാധനങ്ങള്‍ മൂടിവയ്ക്കുകയും ചൂടോടുകൂടി മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്കുന്നു.

Related posts