പുതിയതെരു: മഴക്കാല മോഷണം തടയാന്‍ വളപട്ടണം സര്‍ക്കിള്‍ പരിധിയില്‍ വരുന്ന കണ്ണപുരം, വളപട്ടണം, മയ്യില്‍ പരിധിയില്‍ പട്രോളിംഗ് ശക്തമാക്കിയതായി പോലീസ്. കനത്ത മഴയുടെ മറവില്‍ കടകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വന്‍ സംഘം ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസിന്റെ നിര്‍ദേശപ്രകാരമാണു സ്റ്റേഷന്‍ പരിധിയില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്. മൂന്നും നാലും പേരടങ്ങുന്ന ഇത്തരം സംഘങ്ങള്‍ വാഹനങ്ങളിലെത്തി വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തുകയാണു രീതി.
കടകളുടെ ചുമര്‍ തുരന്നും ഷട്ടര്‍ പ്രത്യേക ആയുധം ഉപയോഗിച്ച് തള്ളി അകത്തുകയറിയാണു മോഷണം നടത്തുന്നത്. ശബ്ദമുണ്ടാക്കാതെ സെന്റര്‍ലോക്ക് വരെ മുറിക്കാന്‍ പറ്റുന്ന ആയുധങ്ങളും ഇത്തരം കവര്‍ച്ചാസംഘങ്ങളുടെ പക്കലുണ്ട്. കഴിഞ്ഞ മഴക്കാലത്ത് പുതിയതെരുവില്‍ ഒരേസമയം ഒമ്പതു കടകളിലാണു കവര്‍ച്ച നടത്തിയത്. രാത്രി 11 നുശേഷം കാണുന്ന വാഹനങ്ങളും മറ്റും സംശയം തോന്നിയാല്‍ അറിയിക്കാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. മഴ കനത്തതോടെ ജാഗ്രതയിലാണ് വ്യാപാരികളും.