തളിപ്പറമ്പ്: പുതുമഴ പെയ്തതോടെ തളിപ്പറമ്പ് നഗരം കടുത്ത ദുരിതത്തിലായി. മഴക്കാല പൂര്‍വശുചീകരണം ആരംഭിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതേവരെ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഓവുചാലിലുടെ ഒഴുകേണ്ട മഴവെള്ളം റോഡിലൂടെ ഒഴുകുന്നതിനാല്‍ കാക്കാത്തോട് റോഡിലൂടെ കാല് നടയാത്ര പോലും അസഹ്യമായിത്തീര്ന്നിരിക്കുകയാണ്. മുട്ടോളം വെള്ളത്തിലൂടെയാണ് വാഹനങ്ങളും കാല്‍നടയാത്രക്കാരും റോഡിലൂടെ കടന്നുപോകുന്നത്.
കഴിഞ്ഞ തവണ ഹൈവേയിലെ പലഭാഗങ്ങളും കനത്ത മഴവെള്ളത്തില്‍ മുങ്ങിയിരുന്നു. ഈ വര്‍ഷവും കഴിഞ്ഞ തവണത്തേക്കാള്‍ ഭീകരമായ നിലയിലാണ് കാര്യങ്ങളെങ്കിലും ഉത്തരവാദപ്പെട്ട അധികൃതര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. നഗരഹൃദയമായ ദേശീയപാതയില്‍ റോഡരികിലൂടെ പോകുന്ന രണ്ട് ഓവുചാലുകളും മണ്ണ് മൂടിക്കിടക്കുകയാണ്. മിക്ക സ്ഥാപനങ്ങളുടേയും സെപ്റ്റിക് ടാങ്കുകളുടെ പൈപ്പുകള്‍ വരെ ഓടയിലേക്ക് തുറന്നിടുന്നതാണെന്ന പരാതി ശരിവയ്ക്കുന്ന തരത്തില്‍ ഇന്നലെ ഉച്ചയോടെ പെയ്ത മഴയില്‍ മലം റോഡിലേക്ക് പരന്നൊഴുകിയെത്തിയത് കാരണം പ്രദേശത്തെ ആളുകള്‍ക്ക് ഏറെ നേരം ദുര്‍ഗന്ധം സഹിക്കേണ്ടി വന്നു.
നഗരസഭാ അധികൃതരെ വിവരമറിയിച്ചത് പ്രകാരം ആരോഗ്യ വിഭാഗം ഇവിടെ ബ്ലീച്ചിംഗ് പൗഡര്‍ വിതറിയിട്ടുണ്ട്. അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇനിയും വൈകിയാല്‍ കാലവര്‍ഷം കനക്കുന്നതോടെ നഗരത്തില്‍ സ്ഥിതിഗതികള്‍ അങ്ങേയറ്റം വഷളാകാനാണ് സാധ്യതയെന്ന് കാണിച്ച് വ്യാപാരി വ്യവസായി നേതാക്കള്‍ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.