മഴ ശക്തമായി: റോഡുകളില്‍ വെള്ളക്കെട്ട്; വീടുകളില്‍ വെള്ളംകയറി

alp-mazhayilപത്തനംതിട്ട: കാലവര്‍ഷത്തിന്റെ പ്രതീതിയുമായി മഴ എത്തിയതോടെ നാശനഷ്ടങ്ങളും യാത്രാതടസങ്ങളും. ഇന്നലെ രാവിലെ മുതല്‍ എല്ലാ ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. ഉണങ്ങിക്കിടന്ന നദികളില്‍ നീരൊഴുക്ക് വര്‍ധിച്ചത് തീരവാസികള്‍ക്ക് ആഹ്ലാദമായി. കൈത്തോടുകളും നീര്‍ച്ചാലുകളും വീണ്ടും സജീവമായി. പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു.

മഴ തുടര്‍ന്നതോടെ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന ടൗണുകളില്‍ അടക്കം ഓടകള്‍ അടഞ്ഞു കിടന്നതോടെയാണ് റോഡുകളിലേക്ക് വെള്ളം കയറിയത്. റോഡുകളിലെ കുഴികളും വെള്ളം നിറഞ്ഞുകിടക്കുകയാണ്. പത്തനംതിട്ടയിലടക്കം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡുകളില്‍ വെള്ളക്കുഴികളും ചെളിയും രൂപപ്പെട്ടു. മഴ തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണവും താറുമാറായി. തിരുവല്ല, റാന്നി ടൗണ്‍ മേഖലകളിലടക്കം ഇന്നലെ വൈദ്യുതി മുടങ്ങി.
തിരുവല്ലയില്‍ ഏഴ്

മണിക്കൂര്‍ വൈദ്യുതി മുടങ്ങി
തിരുവല്ല: മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടിയതിനേ ത്തുടര്‍ന്ന് നഗരത്തില്‍ ഏഴ് മണിക്കൂ റോളം വൈദ്യുതി വിതരണം മുടങ്ങി. നഗരമധ്യ ത്തിലെ കെഎസ്ഇ ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയ റുടെ കാര്യാലയത്തിനു സമീപമള്ള പുരയിടത്തിലെ വന്‍ മരമാണ് ഇന്നലെ രാവിലെ 11 ഓടെ 11 കെവി ലൈനില്‍ വീണത്. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനാ വിഭാഗം സ്ഥലത്തെത്തി യെങ്കിലും ഉയരത്തിലുള്ള ലൈനില്‍ കുടുങ്ങി കിടന്ന മരച്ചില്ലുകള്‍ നീക്കം ചെയ്യാനാവശ്യമായ യന്ത്ര സാമ ഗ്രികളുടെ അഭാവം കാരണം മടങ്ങുകയായിരുന്നു. ഒടുവില്‍ ചെങ്ങന്നൂര്‍ ആറാട്ടുപുഴയില്‍ നിന്നും കൊണ്ടുവന്ന ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. വൈകുന്നേരമാണ് വൈദ്യുതി വിതരണം സാധാരണ നിലയില്‍ എത്തിക്കാനായത്.

ഇടിമിന്നലില്‍ വീട് തകര്‍ന്നു
ചാലാപ്പള്ളി: ഇടിമിന്നലില്‍ വീടിനു നാശനഷ്ടം. ചാലാപ്പള്ളി പടിഞ്ഞാറേ മൂക്കല്ലുംപുറത്ത് രമേശ് കുമാറിന്റെ വീടിനാണ് വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. മിന്നലില്‍ വീടിന്റെ തറ പൊട്ടിപ്പിളര്‍ന്നു കുഴി രൂപപ്പെട്ടു. കട്ടിള ഇളകി തെറിച്ചു. ഓടും പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്ന ടിവി, ഫ്രിഡ്ജ്, ഫാന്‍ തുടങ്ങിയവ പൂര്‍ണമായും തകര്‍ന്നു. വയറിംഗ് കത്തിപ്പോകുകയും മീറ്റര്‍ ബോര്‍ഡും സ്വിച്ച് ബോര്‍ഡും തകരുകയുമുണ്ടായി.  മുറ്റത്ത് കൂട്ടില്‍ കിടന്ന നായ ഇടിമിന്നലില്‍ തത്ക്ഷണം ചത്തു. രണ്ടുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുള്ളതായി പറയുന്നു.

അടൂരില്‍ വീടുകളില്‍ വെള്ളംകയറി
അടൂര്‍: അടൂരില്‍ രണ്ടു വീടുകളില്‍ വെള്ളം കയറി. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ചിറ്റുങ്ങയില്‍ ബിനുഭവനില്‍ സി. ജോര്‍ജിന്റെയും അജോ ഭവനത്തില്‍ സി. ജേക്കബിന്റെയും വീടുകളിലാണ് വെള്ളം കയറിയത്. ഇവരുടെ വീടുകളുടെ മുന്നിലൂടെ കടന്നു പോകുന്ന നഗരസഭാ ഓടയില്‍ മാലിന്യങ്ങള്‍ കെട്ടികിടക്കുന്നതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ ഇടയായതെന്നു പറയുന്നു. ഓടകളില്‍ മാലിന്യം കുമിഞ്ഞുകൂടികിടക്കുന്നതിനാല്‍ സുഗമമായ വെള്ളമൊഴുക്കും നടക്കുന്നില്ല.

നദിയില്‍ വീണ യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
റാന്നി: വലിയപാലത്തില്‍ നിന്നും പമ്പാനദിയിലേക്കു വീണ യുവാവിനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെടുത്തി.    ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് മോതിരവയല്‍ സ്വദേശി കാഞ്ഞിരത്തുങ്കല്‍ വിനീത് (വിനയന്‍ – 28) പാലത്തില്‍ നിന്നും നദിയിലേക്ക് ചാടിയത്. നദിയില്‍ മീന്‍ പിടിക്കുന്നതിനും കുളിക്കുന്നതിനും എത്തിയിരുന്നവര്‍ യുവാവ് നദിയിലേക്ക് വീഴുന്നതു കണ്ടതിനേത്തുടര്‍ന്ന് ഓടിയെത്തി കരയ്‌ക്കെത്തിച്ചതിനാല്‍ രക്ഷപ്പെട്ടു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഇയാളെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു പോലീസും സ്ഥലത്തെത്തിയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബോധക്ഷയമുണ്ടായതായി പറയുന്നു. പിന്നീട് അതുമാറി. പരാതിയൊന്നുമില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച് കേസെടുത്തിട്ടില്ലെന്നു പോലീസ് പറഞ്ഞു.

Related posts