മുംബൈ: മഹാശിവരാത്രി ദിനത്തില്‍ മഹാരാഷ്ട്രയിലെ നാസികിലെ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച നാല്‍പ്പതോളം സ്ത്രീകളെ പൊലീസ് തടഞ്ഞു. ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ളവരാണ് ആരാധന നടത്താന്‍ എത്തിയത്. ദര്‍ശനത്തിന് എത്തിയ സ്ത്രീകളെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. സ്ത്രീകള്‍ക്ക് ആരാധാന നടത്താന്‍ വിലക്കുള്ള ക്ഷേത്രമാണ് ത്രയംബകേശ്വര ക്ഷേത്രം.
സാമൂഹ്യപ്രവര്‍ത്തകയായ ത്രിപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രത്തില്‍ എത്തി ആരാധനയ്ക്ക് ശ്രമിച്ചത്. മാര്‍ച്ച് തടയരുതെന്ന് ഭൂമാത ബ്രിഗേഡ് ക്ഷേത്ര ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ പ്രദേശവാസികള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.