മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ഗര്‍ഭിണികള്‍ക്ക് ദുരിതം ; ഇവിടെ തിരക്കാണ്, ഒമ്പതാം മാസം വരൂ…

kkd-kinarകോഴിക്കോട്: മെഡിക്കല്‍ കോളജ് ഐംഎംസിഎച്ചില്‍ ഒപി വിഭാഗത്തില്‍ ചികില്‍സയ്‌ക്കെത്തുന്ന ഗര്‍ഭിണികളോട് ജൂണിയര്‍ ഡോക്ടര്‍മാര്‍ മോശമായി പെരുമാറുന്നതായി ആക്ഷേപം. ഒപി വിഭാഗത്തില്‍ പരിശോധനയ്ക്കായി എത്തുന്നവരോട്  ഇനി ഇവിടേക്ക് വരേണ്ടെന്നും സമീപത്തെ ആശുപത്രിയില്‍ പോയാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ പറയുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആശുപത്രിയില്‍  നേരിയ തോതില്‍സംഘര്‍ഷവുമുണ്ടായി.

വ്യാഴാഴ്ചയിലെ ഒപിയെകുറിച്ചാണ് ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ഡോക്ടര്‍മാരെ സ്വകാര്യമായി വീട്ടില്‍ പോയി കാണുന്നതിനുവേണ്ടിയാണ് പലരോടും ഇനി ഇവിടേക്ക് വരേണ്ട…എട്ട്- ഒമ്പത് മാസം ആകുമ്പോള്‍ മാത്രം പരിശോധനയ്ക്കായി എത്തിയാല്‍ മതിയെന്ന് അറിയിച്ചത്. ആദ്യമാസങ്ങളില്‍ പരിശോധനയ്‌ക്കെത്തുന്നവരോടാണ് ജൂണിയര്‍  ഡോക്ടര്‍മാര്‍ഈ നിലപാട് സ്വീകരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രക്ടീസ് വീണ്ടും കൊഴുക്കുന്നതിനിടെയാണ് അവര്‍ക്ക് സൗകര്യമൊരുക്കി ജൂനിയര്‍  ഡോക്ടര്‍മാരുടെ “സേവനം’. പലരും  ഇതു കാരണം  ഒപിയില്‍ പേകാന്‍ കഴിയാതെ മെഡിക്കല്‍ കോളജിലെ തന്നെ പേരുകേട്ട ഡോക്ടര്‍മാരുടെ വീട്ടിലേക്ക് ചികില്‍സയ്ക്കായി പോകേണ്ട ഗതികേടിലാണ്. ഒപിയിലെ  തിരക്ക് കുറയ്ക്കാനാണ്  ഡോക്ടര്‍മാര്‍ ഈ രീതിയില്‍ പെരുമാറുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്്. പക്ഷെ ദുരസ്ഥലങ്ങളില്‍  നിന്നും പോലും മെഡിക്കല്‍ കോളജില്‍ എത്തുന്ന സാധാരണക്കാര്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്.

സീനിയര്‍ ഗൈനക്കോളജിസ്റ്റുകളുടെ  ഒപിയില്‍ പലപ്പോഴും  ജൂനിയര്‍  ഡോക്ടര്‍മാരാണ് ഗര്‍ഭിണികളെ പരിശോധിക്കാന്‍ തുടക്കത്തില്‍  ഉണ്ടാകുക. പലരും വളരെ ദേഷ്യപ്പെട്ടാണ് ഇവരോട് പെരുമാറുന്നതെന്ന് പരാതിയുമുണ്ട്്. രാവിലെ ആറുമുതല്‍ ക്യു നിന്ന് ഒപി ടിക്കറ്റ് എടുത്താണ് പലരും ഡോക്ടര്‍മാരുടെ അടുത്തെത്തുന്നത്. രാവിലെ എട്ടുമുതലാണ് ഒപി ടിക്കറ്റ് നല്‍കുന്നത്. അത്രയും നേരം ബുദ്ധിമുട്ടികാത്തു നിന്നിട്ടും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ഈ രീതിയിലുള്ള സമീപനമാണുണ്ടാകുന്നതെന്നാണ് ഇവരുടെ പരാതി.

Related posts