വടകര: മാധ്യമങ്ങള്‍ക്കെതിരായ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന ആര്. ദാമോദരന്‍ അനുസ്മരണസമ്മേളനം തിരുവള്ളൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കേസ് കോടതിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാധ്യമങ്ങളെ കോടതിയില്‍ നിന്ന് മാറ്റിയത് സംശയാസ്പദമാണ്. ലോകത്തിലെ ഏകാധിപതികളൊക്കെയും മാധ്യമങ്ങളെയാണ് നിശബ്ദമാക്കിയതെന്ന ചരിത്രം മറക്കാന്‍ കഴിയില്ല. അസഹിഷ്ണുതയുടെ കാര്യത്തില്‍ മോദിയും പിണറായിയും ചേട്ടന് ബാവയും അനിയന് ബാവയുമാണ്. അനാരോഗ്യകരമായ മാധ്യമവിചാരണയ്ക്ക് പലപ്രാവശ്യം വിധേയമായിട്ടും ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഒരു തരത്തിലുമുള്ള അസഹിഷ്ണുതയും മാധ്യമലോകത്തിന് അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
പാറക്കല്‍ അബ്ദുള്ള എംഎല്‍എ മുഖ്യാതിഥിയായി. ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു. കടമേരി ബാലകൃഷ്ണന്, സി.പി. വിശ്വനാഥന്, പ്രമോദ് കക്കട്ടില്‍, ചെരണ്ടത്തൂര്‍ ശ്രീധരന്, കെ.പി. വേണുഗോപാലന്‍, മരക്കാട്ടേരി ദാമോദരന്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, എ.കെ. അബ്ദുള്ള, ശ്രീജേഷ് ഊരത്ത് എന്നിവര്‍ സംസാരിച്ചു.