മാനദണ്ഡം പാലിക്കാതെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റമെന്ന്

tvm-principalതോമസ് വര്‍ഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നു സൂചന. കഴിഞ്ഞ 18ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍  15 ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കാണ് സ്ഥലംമാറ്റം അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഭരണ, പ്രതിപക്ഷ  കക്ഷികളുടെ അധ്യാപക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും ഇവരുടെ അനുകൂലികളും മാത്രമാണ് ഉള്‍പ്പെട്ടതെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി സ്ഥലംമാറ്റം ആവശ്യപ്പെട്ടവരെ പരിഗണിച്ചുപോലുമില്ലെന്നും ഇവര്‍ പറയുന്നു.

സാധാരണ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷ സമര്‍പ്പിക്കുയും സീനിയോറിറ്റിയും മറ്റു മുന്‍ഗണനകളും പരിശോധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ലിസ്റ്റ് തയാറാക്കുകയും ഈ ലിസ്റ്റിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്കുകയുമാണു ചെയ്യാറുള്ളത്. എന്നാല്‍ ഇക്കുറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നോട്ടിഫിക്കേഷന്‍ പോലും പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ 15 പേര്‍ക്ക് മാത്രമായി സ്ഥലംമാറ്റം നല്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമാണു ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ആവശ്യം.

രോഗം ഉള്‍പ്പെടെയുള്ള പ്രത്യേക കാരണങ്ങളാല്‍ ഒന്നോ രണേ്ടാ പേര്‍ക്കു പ്രത്യേക പരിഗണനയില്‍ മുന്‍കാലങ്ങളില്‍ സ്ഥലംമാറ്റം നല്‍കാറുണ്ട്. എന്നാല്‍, ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് നോട്ടിഫിക്കേഷന്‍പോലും നല്കാതെ സ്ഥലംമാറ്റം അനുവദിച്ചത് നേതാക്കള്‍ക്ക് താത്പര്യമുള്ളവരെ മാത്രം പരിഗണിച്ചതിന്റെ സൂചനയാണെന്നാണ് ആരോപണം.

ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കൃത്യമായി പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍ കഴിയാതെ വരുന്ന സ്ഥലത്താണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പോലുമില്ലാതെ സ്ഥലംമാറ്റം നടത്തിയിട്ടുള്ളത്. 208 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് അധ്യയനത്തിന്റെ  രണ്ടാം പാദ പഠനം  പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ  പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍ സാധിക്കാത്തത്. പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് തയാറാക്കിയ ലിസ്റ്റില്‍ അപാകത ഉണെ്ടന്ന് ആരോപിച്ച് ഒരുവിഭാഗം അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് കോടതി പ്രിന്‍സിപ്പല്‍ നിയമനം സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റേ പിന്‍വലിക്കാന്‍ റിവ്യു പെറ്റീഷന്‍ നല്കുന്നതിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഒന്നുമുണ്ടാവുന്നില്ലെന്നു  അധ്യാപകര്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറി ജൂണിയര്‍, സീനിയര്‍ അധ്യാപകരുടെ പ്രമോഷന്‍ സംബന്ധിച്ചുള്ള മാനദണ്ഡത്തില്‍ ഉടലെടുത്ത ചില പ്രശ്‌നങ്ങളാണ് പ്രിന്‍സിപ്പല്‍ നിയമനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. പ്രിന്‍സിപ്പല്‍മാരില്ലാത്ത സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

Related posts