മുക്കം: വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നാട്ടുകാര്‍ക്കാശ്വാസമായി പ്രവാസി കൂട്ടായ്മയുടെ കുടിവെളള വിതരണം. ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റിയാണ് കോട്ടണ്‍ സ്‌പോട്ട് മുക്കവുമായി സഹകരിച്ച് സൗജന്യമായി കുടിവെളളമെത്തിക്കുന്നത്. 9496 133785 എന്ന നമ്പറില്‍ മിസ്ഡ് കോളടിച്ചാല്‍ വെളളം വീട്ടുമുറ്റത്തെത്തും. പഞ്ചായത്തിലെ തോട്ടുമുക്കം, എരഞ്ഞിമാവ്, തെനേങ്ങ പറമ്പ് , ചെറുവാടി, പഴം പറമ്പ് ,പന്നിക്കോട് എന്നിവിടങ്ങളിലാണ് കുടിവെളള വിതരണം നടത്തുന്നത്. വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. കാലാകാലങ്ങളായി വറ്റാത്ത കിണറുകള്‍ പോലും വറ്റിവരണ്ടു.
ഇരുവഴിഞ്ഞി പുഴയും തോടുകളും വറ്റിയതോടെ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോഴാണ് ആശ്വാസത്തിന്റെ തെളിനീരായി പ്രവാസി കൂട്ടായ്മയുടെ കുടിവെള്ളം വീടുകളിലെത്തുന്നത്. ദിവസവും 35000 ലിറ്റര്‍ വെളളമാണ് വിതരണം ചെയ്യുന്നത്. കുടിവെളള വിതരണത്തിന്റെ ഉദ്ഘാടനം പി. കുട്ട്യാലി മാസ്റ്റര്‍ നിര്‍വഹിച്ചു. ഗുലാം ഹുസൈന്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുജ ടോം, അബ്ദുസലാം, സബാന്‍ കളത്തില്‍, സല്‍മാന്‍ പൊയിലില്‍, ആരിഫ് പുത്തലത്ത്, കാദര്‍ മാട്ട തൊടിക, ബാബു പൊലുകുന്ന്, റിയാസ് ചേറ്റൂര്‍, ബാവ പാറപ്പുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.