മിസ്റ്റര്‍ കേരളയുടെ പീഡനകഥ…! പ്രണയം നടിച്ച് വിവാഹം; തുടര്‍ന്ന് പീഡനം; വലയിലായത് ഫിറ്റ്‌നെസ് സ്ഥാപനത്തിനു സമീപം ജോലി ചെയ്തിരുന്ന സ്ത്രീകള്‍

Mr-keralaകൊച്ചി: നിരവധി സ്ത്രീകളെ പ്രണയം നടിച്ച് വിവാഹം ചെയ്യുകയും വിവിധ കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ മുന്‍ മിസ്റ്റര്‍ കേരളയെ മഹാരാഷ്ട്രയില്‍നിന്നു പിടികൂടി. എറണാകുളം സ്വദേശി ആന്റണി റെയ്‌സണെ(34)യാണ് തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ചേപ്പനം സ്വദേശിനിയായ ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്. കൂടാതെ, ചേര്‍ത്തല സ്വദേശിനിയായ യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് തൃപ്പൂണിത്തുറയിലെ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ താമസിക്കുന്ന യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അന്വേഷിക്കവേയാണു പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി യുവതിയെയും കുട്ടിയെയും കൂട്ടി ഡല്‍ഹിയിലേക്കും അവിടെനിന്നു പഞ്ചാബിലേക്കും പോയതായി അറിഞ്ഞു. പോലീസും സംഘവും അവിടെ എത്തിയപ്പോഴേക്കും പ്രതി യുവതിയെയും കുട്ടിയെയും കൂട്ടി അവിടെനിന്നു സ്ഥലംവിട്ടിരുന്നു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ താനെയില്‍നിന്നാണു യുവതിയെയും കുഞ്ഞിനെയും കണെ്ടത്തിയത്. ഇവര്‍ക്കൊപ്പം ആന്റണി റെയ്‌സണെയും പോലീസ് കേരളത്തിലേക്കു കൊണ്ടുവരുകയും ഇവിടെ വന്നശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുവതിയെയും കുഞ്ഞിനെയും ഹൈക്കോടതിയില്‍ ഹാജരാക്കി.

ഇതിനിടെ, ചേര്‍ത്തല സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പ്രതിക്കെതിരേ മാനഭംഗത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനില്‍ മസില്‍ പവര്‍ ഫിറ്റ്‌നെസ് എന്ന പേരില്‍ പ്രതി അഞ്ചര വര്‍ഷമായി ഫിറ്റ്‌നെസ് സ്ഥാപനം നടത്തുകയായിരുന്നു. സ്ഥാപനത്തിനു സമീപത്ത് ജോലി ചെയ്ത സ്ത്രീകളാണ് ഇയാളുടെ വലയില്‍പ്പെട്ടത്. ഇവരെകൂടാതെ നിരവധി സ്തീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. 2007ലെ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ രണ്ടാംസ്ഥാനവും എട്ടുതവണ മിസ്റ്റര്‍ കേരള പട്ടവും ഇയാള്‍ നേടിയിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അന്വേഷണം. തൃക്കാക്കര അസി. കമ്മീഷണര്‍ ബിനോയിയുടെ മേല്‍നോട്ടത്തില്‍ തൃപ്പൂണിത്തുറ സിഐ പി.എസ്. ഷിജു, തൃപ്പൂണിത്തുറ എസ്‌ഐ ശിവകുമാര്‍, എസ്.ഐ അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Related posts