ചിറ്റൂര്‍: മീനാക്ഷിപുരത്ത് ഗോഡൗണിലും വാഹനത്തിലും സൂക്ഷിച്ചിരുന്ന 5340 കിലോ തമിഴ്‌നാട് റേഷനരി ജില്ലാ കളക്ടറുടെ പരിശോധനാസംഘം പിടികൂടി.ഇന്നലെ പുലര്‍ച്ചെ എട്ടിനാണ് സംഭവം. പതിവുപോലെ പരിശോധനയ്‌ക്കെത്തിയ സംഘത്തിന്റെ മുന്നിലൂടെ മോപ്പഡില്‍ നാലുചാക്ക് അരിയുമായി യാത്രക്കാരന്‍ പോവുന്നത് കണ്ട് പരിശോധന സംഘം മൊപ്പഡ് യാത്രക്കാരനെ പിന്തുടര്‍ന്നു. ഇയാള്‍ ഗോഡൗണിന്റെ മുന്നില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് പരിശോധനാസംഘത്തെ കണ്ടത്.
വാഹനവും അരിയും ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. ഗോഡൗണിനു മുന്നിലായി ടെമ്പോയിലും അരിചാക്ക് നിറച്ചിരുന്നു. തുടര്‍ന്ന് ഗോഡൗണിനകത്തും പരിശോധിച്ചപ്പോഴാണ് കൂടുതല്‍ അരിയും അളവു തൂക്കുയന്ത്രവും കണെ്ടത്തിയത്. പിടികൂടിയ ടെമ്പോ, മോപ്പഡ് എന്നിവ മീനാക്ഷിപുരം പോലീസിനും അരിയും അളവുസാമഗ്രികളും കൊഴിഞ്ഞാമ്പാറ സിവില്‍ സപ്ലൈസ് സംഭരണകേന്ദ്രത്തിനും കൈമാറി. ജില്ലാ കളക്ടറുടെ ടീം അംഗങ്ങളായ അരുണ്‍രാജ്, മുരളീദാസ്, ജോയ്‌സി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇരുചക്രവാഹനങ്ങളിലെത്തിക്കുന്ന റേഷനരി പോളിഷ് ചെയ്ത് കൂടിയ വിലയ്ക്ക് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായി അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.