മുക്കം: ലക്ഷങ്ങള്‍ ഓരോ മാസവും വാടക നല്‍കി പ്രവര്‍ത്തിക്കുന്ന മുക്കത്തെ അരഡസനോളം സര്‍ക്കാര്‍ ഓഫീസുകള്‍ ആസ്ഥാന കെട്ടിടം പ്രവൃത്തി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളില്‍ തന്നെ. ഇതോടെ മുക്കത്ത് വാടക കെട്ടിടങ്ങളില്‍ അസൗകര്യങ്ങള്‍ക്കു നടുവില്‍ കഴിയുന്ന നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കുകയെന്ന വര്‍ഷങ്ങളുടെ മുറവിളിക്കൊടുവില്‍ യാഥാര്‍ഥ്യമായ മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്ത സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
2011 ല്‍ തറക്കല്ലിട്ട് 2013 അവസാനത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് നിര്‍മാണമാരംഭിച്ച സിവില്‍ സ്റ്റേഷന്‍ 2015 അവസാനത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.
അഗസ്ത്യന്‍ മുഴിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ജനകീയ ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി സമരങ്ങള്‍ക്കുശേഷമാണ് സിവില്‍ സ്റ്റേഷന്‍ മുക്കത്ത് അനുവദിച്ചിരുന്നത്. സാങ്കേതിക നൂലാമാലകളിലും ആസ്ഥാന തര്‍ക്കത്തിലുംപെട്ട് നിര്‍മാണംതന്നെ പലപ്പോഴും അനിശ്ചിതമായി നീണ്ടുപോയിരുന്നു.
സി.മോയിന്‍കുട്ടി എംഎല്‍എയുടെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കു കയും നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു. മുക്കം ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ്, എഇഒ ഓഫീസ്, റജിസ്ട്രാര്‍ ഓഫീസ്, കൃഷിഭവന്‍, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍് പ്രവര്‍ത്തിച്ച് വരുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. സ്വന്തമായി കെട്ടിടത്തിന് ഇനിയും കാത്തിരിക്കാന്‍ വയ്യാത്തത്ര ദുരവസ്ഥയാണ് ഈ ഓഫീസുകള്‍ക്ക്. ഫയര്‍ സ്റ്റേഷന് നിലവില്‍ സിവില്‍ സ്റ്റേഷനു സമീപത്തുതന്നെ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നതേയുള്ളൂ. എന്നാല്‍ മറ്റ് ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാവുന്നതേയുള്ളൂ. ഇതിന് എത്രയും വേഗം സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
നടപടി സ്വീകരിക്കണമെന്ന്
മുക്കം: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ട് മരവിച്ച് കിടക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.സജീവ് കുമാര്‍ തൊണ്ടിമ്മല്‍, മനു സുന്ദര്‍, നിജു മണാശ്ശേരി,ഷിനോ, അനൂപ് എന്നിവര്‍ പ്രസംഗിച്ചു.