മലപ്പുറം: മലപ്പുറത്ത് ഗവണ്മെന്റ് വനിതാ കോളജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കരിങ്കൊടി കാട്ടാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷം. ഇന്നു രാവിലെ പതിന്നൊരയോടെ മലപ്പുറം ടൗണ്‍ഹാളിനു സമീപത്താണ് സംഭവം. ടൗണില്‍ നിന്നു പ്രകടനമായി എത്തിയ നൂറോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തടയാന്‍ പോലീസ് മുന്നോട്ടു വന്നതോടെ മുഖ്യമന്ത്രിയുടെ വാഹനം മഞ്ചേരി റോഡിലൂടെ എത്തി ടൗണ്‍ഹാള്‍ കവാടത്തിലൂടെ ഉള്ളില്‍ കടന്നു. ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഓടിയടുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
ഇതിനിടെ സര്‍ക്കാരിനു അഭിവാദ്യമര്‍പ്പിച്ചു എംഎസ്എഫും യൂത്ത് കോണ്‍ഗ്രസും മുദ്രാവാക്യം മുഴക്കിയതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. പോലീസ് വ്യൂഹം ഭേദിച്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ബലം പ്രയോഗിച്ചതോടെ ഉന്തും തള്ളുമുണ്ടായി. ഏറെ നേരെ ഇതു നീണ്ടുനിന്നതോടെ നേതാക്കള്‍ ഇടപെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസിനെതിരേയും മുഖ്യമന്ത്രിയ്ക്കെതിരേയും മുദ്രാവാക്യം വിളിച്ചു പ്രകടനമായി അവര്‍ പിരിഞ്ഞുപോവുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ പെണ്‍കുട്ടികളുടെ പഠന സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്ത് പുതുതായി അനുവദിച്ച ഗവണ്മെന്റ് വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിച്ചു.