കൊച്ചി: സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോയതിനും തടഞ്ഞുവച്ചതിനുമാണ് സക്കീര്‍ ഹുസൈനെതിരേ കേസെടുത്തത്. 2011-12 കാലഘട്ടത്തില്‍ ജൂബി പൗലോസ് എന്ന വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായാണ് കേസ്.
മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് പച്ചാളം സ്വദേശിനിയായ യുവസംരംഭകയുടെ പക്കല്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ദേശാഭിമാനി റോഡ് ലിബര്‍ട്ടി ലെയിനിലെ മല്ലിശേരി കറുകപ്പിള്ളി സിദ്ദിഖുമായുള്ള ജൂബി പൗലോസിന്റെ ഇടപാടില്‍ മധ്യസ്ഥനായി നിന്ന് ഇയാളെ തട്ടിക്കൊണ്ടു പോയി തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സിദ്ദിഖ് പിടിയിലായപ്പോഴാണ് സക്കീര്‍ ഹുസൈനെതിരെ പരാതി നല്‍കാന്‍ ജൂബി പൗലോസ് തയാറായത്.