തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയ തന്നെയും ആരോഗ്യ സെക്രട്ടറിയെയും മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സത്യത്തിന്റെ അംശം പോലും അതില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആവശ്യപ്രകാരമാണ്. എന്നാല്‍ ചര്‍ച്ചയില്‍ ഫീസ് കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.