ന്യൂഡല്‍ഹി: ഐസിസി ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മുന്‍ നിശ്ചയപ്രകാരം ഇന്ന് ഇന്ത്യയിലെത്താനായിരുന്നു പദ്ധതി. എന്നാല്‍, കുറ്റമറ്റ സുരക്ഷയൊരുക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ എഴുതി നല്കിയില്ലെന്ന കാരണം പറഞ്ഞ് പാക് സര്‍ക്കാര്‍ ടീമിന് അവസാനനിമിഷം യാത്രാനുമതി നിഷേധിച്ചിരിക്കുകയാണ്. അതേസമയം, പാക് ടീമിന് പൂര്‍ണ സുരക്ഷയൊരുക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇന്നലെ രാത്രി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ യാത്രയ്ക്ക് തയാറായി ടീം ലാഹോറില്‍ ഒത്തുകൂടിയിട്ടുണ്ട്.
ലോകകപ്പില്‍ പാക്കിസ്ഥാന്റെ ആദ്യ മത്സരം 16ന് കോല്‍ക്കത്തയില്‍ ന്യൂസിലന്‍ഡിനെതിരേയാണ്. ഡല്‍ഹിയിലെത്തി അവിടെനിന്ന് കോല്‍ക്കത്തയിലേക്ക് പോകാനായിരുന്നു ടീമിന്റെ പദ്ധതി. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ടീമിന് യാത്രാനുമതി നല്കാനുള്ള അവസ്ഥയിലല്ല തങ്ങളെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വ്യക്തമാക്കി. താരങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സമ്മര്‍ദവുമില്ലാതെ കളിക്കാന്‍ അവസരമൊരുക്കുകയാണ് തങ്ങളുടെ ചുമതല. നിരന്തരമായ ഭീഷണികള്‍ക്കിടെ എങ്ങനെയാണ് കളത്തിലിറങ്ങാനാകുക. ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളുന്നതാണ് ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം. ഗാലറിയില്‍നിന്ന് കല്ലുകള്‍ വന്നു വീഴില്ലെന്ന് ആരറിഞ്ഞു. കളിക്കളത്തില്‍ പഴുതില്ലാത്ത സുരക്ഷ മാത്രമാണ് ഞങ്ങള്‍ (പാക്കിസ്ഥാന്‍) ആവശ്യപ്പെടുന്നത്- നിസാര്‍ അലിഖാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകകപ്പിന് എല്ലാവിധ സുരക്ഷയും ഒരുക്കിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി. യാതൊരു ഭീഷണിയുമില്ലാതെ ദക്ഷിണേഷ്യന്‍ ഗെയിംസ് സംഘടിപ്പിച്ചതു പോലെ ലോകകപ്പും സംഘടിപ്പിക്കുമെന്നും അങ്ങനെ നടത്തിയ ചരിത്രമുണെ്ടന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കോല്‍ക്കത്തയിലെത്താനായിരുന്നു പാക് ടീം പദ്ധതിയിട്ടിരുന്നത്. ഇതിനായി ടീമംഗങ്ങള്‍ ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പാക് സര്‍ക്കാര്‍ പുതിയ നിബന്ധന മുന്നോട്ടുവയ്ക്കുന്നത്. സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരവേദി ധര്‍മശാലയില്‍നിന്നു കോല്‍ക്കത്തയിലേക്കു മാറ്റിയിരുന്നു. എന്നാല്‍, പുതിയ സമ്മര്‍ദതന്ത്രം സംഘാടകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടീമിനു പൂര്‍ണ സുരക്ഷ ഒരുക്കിക്കൊള്ളാമെന്ന് പാക് സര്‍ക്കാരിന് ഇന്ത്യന്‍ സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്‍കുക ബുദ്ധിമുട്ടാണ്.
അത്തരത്തിലൊരു പ്രവണത മുമ്പുണ്ടാകാത്ത സാഹചര്യത്തില്‍ ഇതിനു കേന്ദ്ര സര്‍ക്കാര്‍ മുതിരില്ല. ടീം ഏതെങ്കിലും സാഹചര്യത്തില്‍ പങ്കെടുക്കാതിരുന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ഭീമമായ നഷ്ടപരിഹാരം പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കേണ്ടി വരും. അതുപോലെ ടീമിനെ വിലക്കാനും ഐസിസിക്കാകും. അതുകൊണ്ട് കേവലം മുട്ടാപ്പോക്കും സമ്മര്‍ദവുമാണിതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.